തിരുവനന്തപുരം: സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിലും അവസരസമത്വം, വിദ്യാഭ്യാസ പുരോഗതി എന്നിവ നേടിയെടുക്കുന്നതിലും സംസ്ഥാന സർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് സ്പീക്കർ എം.ബി രാജേഷ്. കേരള ലെജസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്സ്)- യൂണിസെഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെ നടത്തിയ സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമനപരമായ നിയമനിർമ്മാണ പ്രക്രിയയോടൊപ്പം തന്നെ കേരള സമൂഹം സ്ത്രീശാക്തീകരണത്തിൽ മുന്നേറ്റം നേടുന്നതിൽ പ്രധാന പങ്ക് വഹിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അസമത്വവും അസഹിഷ്ണുതയും നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കുട്ടികളുടെ ഉന്നമനത്തിൽ മാത്രമല്ല ലിംഗ സമത്വത്തിലും അനുബന്ധ വിഷയങ്ങളിലും യൂണിസെഫിന്റെ പ്രവർത്തനം അഭിനന്ദനീയമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. രാജ്യത്ത് പലയിടത്തും ഇപ്പോഴും സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുന്നു. ‘സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം വെല്ലുവിളി നിറഞ്ഞതായി തീർന്നിരിക്കുന്നു. ഈ ദുരവസ്ഥയെ മറികടക്കുവാൻ വിദ്യാസമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുന്നതിലൂടെ സാധിക്കുമെന്ന്’ സ്പീക്കർ അഭിപ്രായപ്പെട്ടു.
‘മാനവ വികസന സൂചികയിൽ കേരളത്തിന്റെ സ്ഥാനം ഏറെ മുന്നിലാണ്. സംസ്ഥാന/ദേശീയതല സെമിനാറുകളിലൂടെയും ഭരണഘടനാ ബോധവത്കരണ ക്ലാസുകളിലൂടെയും യൂണിസെഫുമായി സംയോജിച്ചുള്ള മറ്റ് പ്രവർത്തനങ്ങളിലൂടെയും യുവജനതയുടെ വീക്ഷണത്തിലും പ്രവർത്തിയിലും സാരമായ മാറ്റം കൊണ്ടുവരാൻ സാധിച്ചതായി’ അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും വർധിച്ച ഇക്കാലത്ത് അത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാനും അതിനെ മറികടക്കുവാനും കഴിയണമെന്നും അതിനായി കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ചുരുളിയെ വെല്ലുന്ന ഭാഷപ്രയോഗവുമായി അദ്ധ്യാപകന്: സംഭവം പുറത്തായത് വിദ്യാർത്ഥി പങ്കുവച്ച ഓഡിയോയിലൂടെ
Post Your Comments