തിരുവനന്തപുരം : കോഴിക്കോട് കടപ്പുറത്ത് ഇന്നലെ നടന്ന വഖഫ് സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസും വീണയുമായുള്ള വിവാഹത്തെ വ്യഭിചാരമെന്നു അധിക്ഷേപിച്ച മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി. ഈ പ്രസംഗത്തോട് പൂർണ്ണമായും വിയോജിക്കുന്നുവെന്നും എന്നാൽ വഖഫ് വിഷയത്തിൽ ലീഗിനൊപ്പമെന്നും കോൺഗ്രസ് നേതാവ് കെഎസ് ശബരീനാഥൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് ശബരീനാഥൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
‘കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ സാമൂഹികവളർച്ചയിൽ മുസ്ലിം ലീഗിന്റെ സംഭാവന അതുല്യമാണ്. ഇപ്പോൾ വഖഫ് വിഷയത്തിലും മുസ്ലിം ലീഗ് എടുത്ത നിലപാടും ശരിയാണ് എന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു കോഴിക്കോട് കടപ്പുറത്ത് ഇന്നലെ നടന്ന പതിനായിരങ്ങളുടെ മഹാസംഗമം. ഈ വിഷയത്തിന്റെ ചരിത്രവഴികൾ, കാലിക പ്രസക്തി, ഇടതുപക്ഷരാഷ്ട്രീയതന്ത്രം എന്നിവയിൽ വ്യക്തത വരുത്തിക്കൊണ്ടുള്ള ഭൂരിഭാഗ പ്രസംഗങ്ങളും ഒന്നിന്നൊന്ന് മികച്ചതായിരുന്നു. എന്നാൽ ഇതേ സദസ്സിൽ ശ്രീ അബ്ദുറഹ്മാൻ കല്ലായി നടത്തിയ പ്രസംഗത്തോട് പൂർണ്ണമായും വിയോജിക്കുകയാണ്. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹം ചെയ്തതിനെ വക്രീകരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ അപരിഷ്കൃതമാണ്, പൊതുസമൂഹം അവജ്ഞയോടെ അതിനെ തള്ളിക്കളയുകയും ചെയ്യും.
സമൂഹത്തിൽ ഇത്തരം സങ്കുചിത ചിന്താഗതികൾ ഉണ്ടായതിനുശേഷം കല്ലായി പുഴയിലൂടെ ഏറെ വെള്ളം ഒഴുകിപോയത് ഉൾക്കൊള്ളണം എന്ന് അഭ്യർത്ഥിക്കുന്നു.
വഖഫ് വിഷയത്തിൽ നാടിനൊപ്പം, ലീഗിനൊപ്പം…..’ – ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments