കുമരകം: ശക്തമായ ഇടിമിന്നലേറ്റ് കൂറ്റൻ തെങ്ങ് രണ്ടായി പിളർന്നു. തെങ്ങ് പിളർന്ന് തെങ്ങിന്റെ മധ്യഭാഗത്തെ ചോറ് എന്നറിയപ്പെടുന്ന തടിയുടെ ഉൾഭാഗം പുറത്തുവന്നു. കുമരകം സിഎച്ച്സിയുടെ സമീപം താമസിക്കുന്ന പുത്തലത്ത് അപ്പുവിന്റെ തെങ്ങിനാണ് ഇടിമിന്നലേറ്റത്. വ്യാഴാഴ്ച രാത്രി 7.15ന് ആണ് സംഭവം.
ഇടിമിന്നൽ സമയത്ത് തൊട്ടടുത്തുള്ള വീടിന്റെ തുറസായ തിണ്ണയിൽ നാലു കൂടുംബാഗങ്ങളും വഴിയാത്രക്കാരിയായ സ്ത്രീയും ഉണ്ടായിരുന്നു. ഉഗ്രസ്ഫോടനം പോലുള്ള മൂന്ന് ശബ്ദങ്ങൾക്കൊപ്പം വലിയ ഒരു തീ ഗോളവും താഴേക്ക് വീഴുന്നതു കണ്ടു വീടിനുള്ളിലേക്കു ചാടിക്കയറിയാണ് ഇവർ രക്ഷപ്പെട്ടത്.
ഗൃഹനാഥൻ അപ്പു, ഭാര്യ സരസമ്മ, മകൻ മനോജ്, മരുമകൾ ജയശ്രീ എന്നിവർക്കൊപ്പം വഴിയാത്രക്കാരിയായ പള്ളത്തുശേരി കൗസല്യയാണ് സംഭവസമയത്തു വരാന്തയിൽ ഉണ്ടായിരുന്നത്. പരുക്കേറ്റില്ലെങ്കിലും ഇടിയുടെ ശബ്ദവും തീഗോളമായെത്തിയ മിന്നലും ഏല്പിച്ച ഞെട്ടലിൽ നിന്ന് ഇവർ ഇപ്പോഴും മുക്തരായിട്ടില്ല.
Post Your Comments