പാരിസ്: ഫ്രാൻസും ബ്രിട്ടനും തമ്മിലുള്ള ബന്ധം വഷളായി തുടരവെ ബ്രിട്ടനെതിരെ രൂക്ഷ പരിഹാസവുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. ബ്രിട്ടൻ സ്വന്തം വാക്കിന് വിലകൽപ്പിക്കുന്നില്ല എന്നാണ് മക്രോൺ പറഞ്ഞത്. കഴിഞ്ഞ മാസം, ബ്രിട്ടനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ ഇംഗ്ലീഷ് ചാനലിൽ 27 കുടിയേറ്റക്കാർ മുങ്ങി മരിച്ചിരുന്നു.
മത്സ്യബന്ധനം, സുരക്ഷാപ്രശ്നങ്ങൾ, ഇംഗ്ലീഷ് ചാനൽ കടന്നുള്ള അനധികൃത കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങളിൽ പെട്ട് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ആടിയുലയുകയാണ്. ബ്രിട്ടൻ, ഓസ്ട്രേലിയ,അമേരിക്ക എന്നീ രാഷ്ട്രങ്ങൾ തമ്മിലുള്ള ഓക്കസ് സന്ധിക്ക് പിറകിൽ ചരടുവലിച്ചത് ബ്രിട്ടനാണെന്നും, അത് മൂലം ഫ്രാൻസുമായി ഏർപ്പെട്ടിരുന്നു മുങ്ങിക്കപ്പൽ കരാർ ഓസ്ട്രേലിയ റദ്ദു ചെയ്തെന്നും മക്രോൺ ആരോപിച്ചു.
പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുങ്ങിക്കപ്പൽ കരാർ റദ്ദാക്കിയത് ഫ്രാൻസിൽ വൻ ചലനം സൃഷ്ടിച്ചിരുന്നു. സഖ്യകക്ഷികൾ തന്നെ പുറകിൽ നിന്നും കുത്തിയെന്നാണ് മക്രോൺ അന്ന് ആരോപിച്ചത്. എന്നാൽ, ബ്രിട്ടന്റെ പേരെടുത്തു പറഞ്ഞുള്ള പരസ്യ വിമർശനം ഇതാദ്യമായാണ്.
Post Your Comments