തൃശ്ശൂര്‍: ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത കുണ്ടുവാറ സ്വദേശി വിപിന്റെ സഹോദരിയുടെ വിവാഹം ഈ മാസം നടത്തുന്നു. ഡിസംബര്‍ 29ന് പാറമേക്കാവ് ക്ഷേത്രത്തില്‍ 8.30നും 9.30നും ഇടയ്ക്കാണ് മുഹൂര്‍ത്തം.
വിവാഹത്തില്‍ നിന്ന് പിന്മാറില്ലെന്നും വിപിന്റെ സഹോദരി വിദ്യയെ വിവാഹം ചെയ്തതിന് ശേഷം മാത്രം ജോലി സ്ഥലത്തേക്ക് മടങ്ങുമെന്നും പ്രതിശ്രുത വരനായ നിധിന്‍ പറഞ്ഞിരുന്നു. കയ്പമംഗലം സ്വദേശിയായ നിധിന്‍ ഷാര്‍ജയില്‍ എ.സി ടെക്നീഷ്യനാണ്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ് വിദ്യ. വിവാഹശേഷം ജനുവരിയില്‍ നിധിന്‍ വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങും.
വിവാഹത്തിന് സ്വര്‍ണം എടുക്കുന്നതിനായി അമ്മയെയും സഹോദരിയെയും ബന്ധുക്കളെയും സ്വര്‍ണക്കടയിലിരുത്തിയശേഷമാണ് വിപിന്‍ വായ്പ എടുക്കാന്‍ ബാങ്കില്‍ പോയത്. എന്നാല്‍ മൂന്ന് സെന്റ് ഭൂമിക്ക് വായ്പ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്. വിപിന്‍ നേരത്തെയും നിരവധി ബാങ്കുകളെ സമീപിച്ചിരുന്നു. അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന വിഷമത്തില്‍ വീട്ടിലെത്തിയ വിപിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അതേസമയം വിപിന്റെ കുടുംബത്തിന് സഹായവുമായി നിരവധി സന്നദ്ധ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments