പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ മരക്കാർ എന്ന ചിത്രത്തിന് നേരെ നടക്കുന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് ഷോൺ ജോർജ്. ഒരു ചരിത്ര സിനിമയിൽ എന്താണോ ഉണ്ടാകേണ്ടത് അതെല്ലാം ഈ സിനിമയിലുണ്ട്. തന്റെ അഭിപ്രായത്തിൽ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് മരക്കാറെന്നും ഷോൺ പറഞ്ഞു. ചിത്രത്തിനെതിരെ കുപ്രചരണങ്ങൾ നടന്നുവെന്നും നെഗറ്റിവ് കേട്ട് സിനിമ കണ്ടിട്ടും തനിക്ക് സിനിമ ഇഷ്ടമായെന്ന് ഷോൺ പറയുന്നു.
ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കുറച്ച് ദിവസമായി എന്റെ മോൻ അപ്പൂസിന് കുറുപ്പ് സിനിമയിലെ പാട്ടുകൾ എല്ലാം കേട്ട് വലിയ ആഗ്രഹം കുറുപ്പ് സിനിമ. കാണണമെന്ന്. രണ്ടാഴ്ചയായി എന്നോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും സമയക്കുറവ് മൂലം എനിക്ക് അതിന് സാധിച്ചില്ല. എന്നാൽ ഇന്നലെ പോയേക്കാം എന്നു വിചാരിച്ച് തീയേറ്ററിൽ വിളിച്ചു ചോദിച്ചപ്പോൾ കുറുപ്പ് സിനിമ മാറിപ്പോയി എന്നും മരക്കാറും,മറ്റൊരു സിനിമയുമാണ് പ്രദർശിപ്പിക്കുന്നത് എന്നും അറിയാൻ കഴിഞ്ഞു. കുറുപ്പ് സിനിമ ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാം എന്ന് വിചാരിച്ചാണ് വീട്ടിൽ ചെന്നത്. എന്നാൽ വേറെ ഏതെങ്കിലും സിനിമയ്ക്ക് പോകാം അപ്പാ എന്ന് അവന്റെ ആവശ്യം അംഗീകരിച്ച് മരക്കാർ സിനിമ കാണാൻ തീരുമാനിച്ചു.
എന്നാൽ അടുത്ത സുഹൃത്തുക്കളോട് മരക്കാർ സിനിമ കാണാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ എന്തോ വലിയ പാപം ചെയ്യാൻ പോകുന്ന രീതിയിലാണ് അവരെല്ലാം എന്നോട് പെരുമാറിയത്. തീയേറ്ററിൽ ചെന്നപ്പോഴും മറ്റൊരു സിനിമ കാണാൻ നിൽക്കുന്നവർ ഞങ്ങളെ പരിഹാസത്തോടെയാണ് നോക്കിയത്.കാരണം ഈ സിനിമയെക്കുറിച്ച് സമൂഹത്തിൽ പ്രചരിച്ചിരിക്കുന്ന അപഖ്യാതികൾ അത്ര വലുതായിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു എന്നാൽ സിനിമ കണ്ടിട്ടേയുള്ളു എന്ന് . വളരെ മോശമായിരിക്കും എന്ന കാഴ്ചപ്പാടിലാണ് ഓരോ മിനിറ്റും സിനിമ കണ്ടത് ഇന്റർവെൽ ആയപ്പോൾ ഭാര്യയോട് ചോദിച്ചു ഇത്രയും ആളുകൾ മോശം പറയുന്ന ഈ സിനിമയിൽ ഇതുവരെ എനിക്ക് കുഴപ്പം ഒന്നും തോന്നിയില്ല നിനക്ക് എന്തെങ്കിലും തോന്നിയോ എന്ന്..ഞാനും അതാണ് അച്ചായാ ഓർത്തത് തനിക്കും ഒരു കുഴപ്പവും തോന്നിയിട്ടില്ല എന്ന്. എന്നാൽ ഇന്റർവെല്ലിന് ശേഷമായിരിക്കും മോശം എന്ന് ആളുകൾ പറഞ്ഞതെന്ന് വിചാരിച്ച് സിനിമ കാണൽ തുടർന്നു.
അവസാനം വരെയും കണ്ടപ്പോഴും ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ ഒരു സിനിമ. ഒരു ചരിത്ര സിനിമ ചരിത്രത്തെ വളച്ചൊടിക്കാതെ നിർമ്മിച്ചു എന്നതാണോ ഈ സിനിമയുടെ അണിയറ പ്രവർത്തകർ ചെയ്ത തെറ്റ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. എന്ത് തന്നെയായാലും നിക്ഷ്പക്ഷമായി പറയട്ടെ ഇപ്പോൾ നടക്കുന്ന പ്രചരണങ്ങൾ ആസൂത്രിതമാണെന്ന് പലരും പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല കാരണം പ്രേക്ഷകർ ആണല്ലോ ഒരു ചിത്രം നല്ലതാണോ മോശമാണോ എന്ന് തീരുമാനിക്കുന്നത്. എന്നാൽ ആ പ്രേക്ഷകരെയും സ്വാധീനിക്കാൻ തക്ക രീതിയിൽ കുപ്രചരണങ്ങൾ ഈ സിനിമയ്ക്കെതിരെ നടന്നു എന്ന് സിനിമ കണ്ട ഞാൻ സാക്ഷ്യപ്പെടുത്തുന്നു. ഒരു ചരിത്ര സിനിമയിൽ എന്താണോ ഉണ്ടാകേണ്ടത് അതെല്ലാം ഈ സിനിമയിലുണ്ട്. എന്റെ അഭിപ്രായത്തിൽ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് ഇത്… എല്ലാവരും കണ്ടിരിക്കേണ്ട സിനിമ…
Post Your Comments