കൊച്ചി: എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്ത്. വാഗ്ദാനം ചെയ്ത സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്നും കൊടുത്ത പണം തിരികെ നല്‍കുന്നില്ലെന്നുമാണ് രക്ഷിതാക്കളുടെ പരാതി. ബൈജൂസ് ആപ്പില്‍ വാഗ്ദാനം ചെയ്ത സേവനങ്ങള്‍ ലഭ്യമാകാതെയായതോടെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ധിച്ചതോടെയാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശ്രയിച്ചത്. മികച്ച ഓണ്‍ലൈന്‍ പഠനവും മികച്ച അധ്യാപകരുടെ സേവനവും ബൈജൂസ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നടപ്പിലാക്കുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുട്ടികളുടെ പഠനത്തിന് സഹായകമാകുമെന്ന് കരുതിയാണ് ആപ്പ് വാങ്ങിയതെന്ന് രക്ഷിതാക്കള്‍ ബിബിസിയോട് പറഞ്ഞു.
സേവനങ്ങള്‍ ലഭ്യമാകാത്തതിനാല്‍ പണം തിരികെ ചോദിച്ച് ഫോണ്‍ വിളിച്ചാല്‍ സെയില്‍സ് ഏജന്റുമാര്‍ തങ്ങളെ കബളിപ്പിക്കുകയും ഫോണ്‍ എടുക്കാതെ ഇരിക്കുകയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അതേസമയം രക്ഷിതാക്കളുടെ ആരോപണങ്ങള്‍ ബൈജൂസ് നിഷേധിച്ചു. ബൈജൂസ് ആപ്പില്‍ വിശ്വസിക്കുകയും അതിന്റെ മൂല്യം മനസിലാക്കുകയും ചെയ്യുന്ന രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമാണ് ആപ്പ് ഉപയോഗിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇതിനിടെ ബൈജൂസിനെതിരെ ജീവനക്കാരും ആരോപണവുമായി രംഗത്തെത്തി.
ഭീമമായ ടാര്‍ഗറ്റില്‍ എത്തിക്കുന്നതിന് ദിവസവും 12 മുതല്‍ 15 മണിക്കൂര്‍ വരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നും അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചെന്നുമാണ് വെളിപ്പെടുത്തല്‍. 2011 ലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന് തുടക്കം കുറിക്കുന്നത്. ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ബൈജൂസ് ആപ്പ് തിളക്കമാര്‍ന്ന വളര്‍ച്ചയാണ് ഉണ്ടാക്കിയത്.
Post Your Comments