വിഴിഞ്ഞം: പൂവാര്‍ കാരക്കാട്ടെ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ കൂടുതൽ കണ്ടെത്തൽ. ലഹരി പാർട്ടി നടത്തുന്നവർക്ക് അന്തർസംസ്ഥാനവുമായി ബന്ധമുണ്ടെന്ന് പോലീസ്. പൂവാറിലെ റിസോർട്ടിലാണ് പാർട്ടി നടക്കുകയെങ്കിലും ടിക്കറ്റിൽ മണാലിയിലെ ഹോട്ടലിന്റെ വിലാസമാകും നൽകുകയെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് പാർട്ടിയിലേക്ക് ആളെ കൂട്ടുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണ സംഘം എത്തുമ്പോഴും ലഹരിയിൽ മയങ്ങി യുവതികൾ ഉൾപ്പടെയുള്ളവർ റിസോർട്ടിലുണ്ടായിരുന്നു.
അതേസമയം, ജാമ്യത്തില്‍ വിട്ടവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിക്ക് പിന്നില്‍ വമ്പന്‍ റാക്കറ്റാണെന്ന് എക്സൈസ് പറയുന്നു. കേസിലെ അന്തര്‍ സംസ്ഥാന ബന്ധങ്ങളില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പിടിയിലായ 20 പേരില്‍ 17 പേരെയാണ് ജാമ്യത്തില്‍ വിട്ടയച്ചത്.
നേരത്തെ റിമാന്‍ഡിലായ അക്ഷയ് മോഹന്‍, അതുല്‍, പീറ്റര്‍ ഷാന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് അന്വേഷണ സംഘം കോടതിയെ സമീപിക്കും. ലഹരിപാര്‍ട്ടി സംഘടിപ്പിച്ചതില്‍ ഇവര്‍ പ്രധാനപങ്ക് വഹിച്ചെന്നാണ് നിഗമനം. നിര്‍വാണ മ്യൂസിക്ക് ഫെസ്റ്റിവെലിന്റെ മറവിലായിരുന്നു കാരക്കാട്ടെ റിസോര്‍ട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പേരില്‍ 3000, 2000, 1000 രൂപയുടെ ടിക്കറ്റാണ് വില്പന നടത്തിയത്. റിസോര്‍ട്ടിലെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments