കോട്ടയം : ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന കന്നുകാലികൾക്ക് ചെക്ക് പോസ്റ്റുകളിൽ ക്വാറന്റൈൻ ഏർപ്പെടുത്തണമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചു റാണി. വാഴൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമവും തരിശുനില തീറ്റപ്പുൽ കൃഷി വിളവെടുപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മന്ത്രി.
കേരളത്തിൽ എത്തുന്ന മുന്തിയ ഇനം കന്നുകാലികളിൽ പലതും ദിവസങ്ങൾക്കുള്ളിൽ ചത്തുപോകുന്ന സാഹചര്യത്തിലാണ് നിരീക്ഷണ സംവിധാനങ്ങളും ക്വാറന്റൈനും ഏർപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ഷീര കർഷകർക്ക് അടിയന്തിര സാഹചര്യത്തിനായി ടെലി വെറ്റിനറി യൂണിറ്റുകൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കന്നുകാലികൾക്ക് വാക്‌സിൻ ലഭ്യമാക്കുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരണ സംവിധാനങ്ങളുള്ള ആംബുലൻസുകൾ ബ്ലോക്ക് തലത്തിൽ അനുവദിക്കും. ആവശ്യ സന്ദർഭങ്ങളിൽ ഡോക്ടറുടെ സഹായം ലഭ്യമായില്ലെങ്കിൽ കർഷകർക്ക് ബന്ധപ്പെടുന്നതിനുള്ള കോൾ സെന്റർ തിരുവനന്തപുരത്ത് സജ്ജമാക്കും.കുളമ്പുരോഗത്തിനെതിരെയുള്ള രണ്ടാം ഘട്ട വാക്‌സിനേഷൻ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments