തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ലിംഗ സമത്വം യാഥാർഥ്യമാക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്ന് വനിത ശിശു വികസന മന്ത്രി വീണാ ജോർജ്. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച മാദ്ധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീസമത്വം സംബന്ധിച്ച കാര്യങ്ങളിൽ വാക്കാൽ മാത്രമല്ല ചർച്ചകളിലും, സമീപനങ്ങളിലും ഇടപെടലുകളിലും മാറ്റം വേണമെന്ന് മന്ത്രി പറഞ്ഞു.
Read Also: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയ്ക്കരികില്‍ എത്തുന്നത് 35,000 കോടി രൂപ വിലയുള്ള ഛിന്നഗ്രഹം
‘നിയമം മൂലം നിരോധിച്ച സ്ത്രീധനത്തിന്റെ പേരിൽ ഇപ്പോഴും പീഡനങ്ങളും ആത്മഹത്യകളും നടക്കുന്നു. ഇത്തരം പീഡനങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് പീഡനം അനുഭവിക്കുന്ന ഭർതൃ ഗൃഹങ്ങളിലേക്ക് തിരികെ പോകുവാൻ സമൂഹത്തിൽ നിന്ന് വലിയ സമ്മർദം ഉണ്ടാകുന്നു. സമൂഹത്തിന്റെ ഇത്തരം നിലപാടുകളിൽ മാറ്റം ഉണ്ടാകണം. പെൺകുട്ടികൾ വിദ്യാഭ്യാസം നേടി തൊഴിൽ കണ്ടെത്തി സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടാകണമെന്നും അതിന് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും പിന്തുണ ലഭിക്കണമെന്നും പൂർണ്ണമായ അർത്ഥത്തിൽ കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്നും’ മന്ത്രി വിശദീകരിച്ചു.
‘മാദ്ധ്യമ ഭാഷയിലും ചെറിയ ക്ലാസുകൾ മുതൽ കുട്ടികൾ പഠിക്കുന്ന കവിതകളിലും കഥകളിലും സ്ത്രീകൾ അടുക്കളയിലും വീട്ടിലും മാത്രം ഒതുങ്ങി നിൽക്കണം എന്ന രീതിയിൽ ചില ബിംബങ്ങൾ അവതരിപ്പിക്കപ്പെടുന്നുണ്ട്. അത്തരം വിഷയങ്ങൾ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഇതെല്ലാം തിരുത്തപ്പെടണമെന്നും’ മന്ത്രി വ്യക്തമാക്കി.
സ്ത്രീ വിഷയങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയിലും, ചിന്തയിലും ചിത്രീകരണത്തിലും ലിംഗാവബോധം ഉണ്ടാകണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സ്ത്രീസമത്വ സമീപനം സംബന്ധിച്ച് കമ്മീഷൻ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും സ്ത്രീപീഡന കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ നിയമപരമായി പാലിക്കേണ്ട മാനദണ്ഡങ്ങൾ പല മാദ്ധ്യമങ്ങളും ഇപ്പോഴും പാലിക്കുന്നില്ലെന്നും ഇത്തരം നിയമ വിഷയങ്ങൾ മാദ്ധ്യമപ്രവർത്തകർക്കായുള്ള പഠന പദ്ധതികളുടെ ഭാഗമാക്കണമെന്നും സതീദേവി അറിയിച്ചു.
വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ടി. വി. അനുപമ, കേരള സർക്കാരിന്റെ മുൻ ജെൻഡർ ഉപദേശക ഡോ. ടി.കെ. ആനന്ദി, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കേരള പത്രപ്രവർത്തക യൂണിയൻ ജില്ല പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവർ പങ്കെടുത്തു. മനുഷ്യാവകാശപ്രവർത്തക ഡോ. സുനിത കൃഷ്ണൻ, മാദ്ധ്യമപ്രവർത്തകരായ സന്ധ്യ രവി ശങ്കർ, കവിത മുരളീധരൻ എന്നിവർ മാദ്ധ്യമ സെമിനാറിൽ പാനൽ ചർച്ചകൾക്ക് നേതൃത്വം നൽകി. പത്ര,ദൃശ്യ, ഓൺലൈൻ മാദ്ധ്യമ രംഗത്തെ പ്രമുഖർ ചർച്ചകളിൽ പങ്കെടുത്തു.
Read Also: 900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒ: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വീഡിയോ
Post Your Comments