തൃശ്ശൂർ : നൂറ്റാണ്ടുകളായി തുടർന്നുവരുന്ന നമ്മുടെ നാട്ടിലെ വിവാഹ സങ്കൽപ്പങ്ങൾ കാരണം, സമൂഹത്തിന്റെ മുമ്പിൽ നാട്ടുനടപ്പ് തെറ്റിക്കാതിരിക്കാൻ ശ്രമിച്ച് ഒടുവിൽ നിവർത്തിയില്ലാതെ സ്വന്തം ജീവിതം ബലി കൊടുത്ത വിപിനെ കുറിച്ചാണ് ഇന്ന് സോഷ്യൽ മീഡിയയിലും കേരളത്തിലും നൊമ്പരത്തോടെ ചർച്ച ചെയ്യുന്നത്. അമ്മയെയും സഹോദരിയെയും സ്വർണ്ണക്കടയിലിരുത്തി ആ യുവാവ് പോയത് ഗത്യന്തരമില്ലാതെ നിസ്സഹായനായി മരണത്തിലേക്കാണ്.
മരപ്പണിക്കാരനായിരുന്ന വിപിന്റെ അച്ഛൻ വാസു അഞ്ചു വർഷം മുൻപാണ് മരിച്ചത്. അന്ന് മുതൽ വിപിന്റെ ചുമലിലായിരുന്നു ആ കുടുംബത്തിന്റെ ഭാരം മുഴുവൻ. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു വിപിൻ. സാമ്പത്തികപ്രതിസന്ധി മൂലം അടുത്ത ആഴ്‌ച്ച നിശ്ചയിച്ചിരുന്ന സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയാണ് അയാളെ മരണത്തിലേയ്ക്ക് തള്ളിവിട്ടത്. അടുത്ത ആഴ്‌ച്ചയായിരുന്നു സഹോദരിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. ഗൾഫിൽ എസി ഓപ്പറേറ്ററായ സഹോദരിയുടെ പ്രതിശ്രുതവരൻ സ്ത്രീധനമൊന്നും വേണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും സഹോദരിയുടെ വിവാഹം നല്ലനിലയിൽ തന്നെ നടത്തണമെന്ന ആഗ്രഹം വിപിനുണ്ടായിരുന്നതായും അടുപ്പമുള്ളവർ പറയുന്നു.
വീടും പുരയിടവും പണയം വെച്ച് കിട്ടുന്ന പണം കൊണ്ട് വിവാഹം നടത്താനായിരുന്നു വിപിന്റെ ഉദ്ദേശം. ലോണിന് വേണ്ടി വസ്തുവിന്റെ കരം ശരിയാക്കി കൊടുക്കുന്നതിന് വിപിൻ തന്നെ സമീപിച്ചിരുന്നതായി വാർഡ് കൗൺസിലറും പറയുന്നു. കരമൊക്കെ അടച്ച് വസ്തുവിന്റെ രേഖകളൊക്കെ ശരിയാക്കിയെങ്കിലും വിപിന് തിരിച്ചടിയായത് ലോണെടുക്കാൻ മിനിമം മൂന്ന് സെന്റെങ്കിലും വേണമെന്ന നിബന്ധനയാണ്. ആകെ രണ്ട് സെന്റ് ഭൂമിയും വീടും മാത്രമായിരുന്നു ഇവരുടെ പേരിലുണ്ടായിരുന്നത്. അതും കഷ്ടിച്ച് ഒരു ബൈക്കിന് മാത്രം പോകാൻ കഴിയുന്ന വഴിയിലൂടെ വേണം വീട്ടിലെത്താൻ.
സഹോദരിയുടെ വിവാഹത്തിന് വേണ്ടി പല ബാങ്കുകളും കയറിയിറങ്ങിയെങ്കിലും ആരും ലോൺ നൽകാൻ തയ്യാറായിരുന്നില്ല. പലയിടത്ത് നിന്നും അപമാനിതനായി മനസ് മടുത്ത് നിൽക്കുമ്പോഴാണ് ഒരു ന്യൂ ജനറേഷൻ ബാങ്ക് ലോൺ നൽകാമെന്ന് സമ്മതിച്ചത്. മരുഭൂമിയിൽ മരുപച്ച കണ്ടതുപോലെ വിപിൻ പ്രതീക്ഷയുടെ തുരുത്തായിരുന്നു ബാങ്ക് അധികൃതരുടെ ആ വാഗ്ദാനം. ഡിസംബർ ആറാം തീയതി പണം നൽകാമെന്നായിരുന്നു ബാങ്കിന്റെ ഉറപ്പ്. അതിനാവശ്യമായ രേഖകളും വിപിൻ ബാങ്കിന് കൈമാറി.
ബാങ്കിൽ നിന്നും പണം ലഭിക്കുമെന്ന ഉറപ്പിൽ വിപിൻ കല്യാണത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കല്യാണ മണ്ഡപത്തിനും കാറ്ററിങിനും ഉൾപ്പെടെ ഇന്നലെ അഡ്വാൻസ് നൽകാമെന്ന് വിപിൻ സമ്മതിച്ചിരുന്നു. ഇന്നലെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്വർണം വാങ്ങാനെത്തിയതും ലോൺ കിട്ടുമെന്ന ഉറപ്പിലായിരുന്നു. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിൻ ബാങ്കിലേയ്ക്ക് പോയി. എന്നാൽ, ലോൺ അനുവദിക്കാനാകില്ലെന്ന് ബാങ്കിൽനിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയിൽ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയിൽ കണ്ടത്.
ഇതിൽ വിവിധ പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉള്ളത്. അതിൽ ശ്രദ്ധേയമായ ഒന്നാണ് അഞ്ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
അഞ്ജുവിന്റെ പോസ്റ്റ് ഇങ്ങനെ,
കണ്ണീരോടെ വായിച്ചറിഞ്ഞ വാർത്ത. ഈ പൊന്നുമോന്റെ മുഖം കാണുമ്പോൾ ചങ്കു പിളരുന്നു. അച്ഛന്റെ മരണത്തോടെ ഇരുപത് വയസ്സുള്ളപ്പോൾ അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഭാരം സ്വന്തം ചുമലിലേയ്ക്ക് ഏറ്റെടുത്ത പൊന്നുമോൻ – വിപിൻ ! ആകെയുള്ള രണ്ട് സെന്റ് ഭൂമിയിലെ കിടപ്പാടം പണയപ്പെടുത്തി കൂടപിറപ്പിന് നല്ലൊരു ജീവിതം നല്കാൻ മുന്നിട്ടിറങ്ങിയ അവനും ഉണ്ടായിരുന്നിരിക്കണം ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും . ഒക്കെയും ഒരു നിമിഷം കൊണ്ട് തകർന്നപ്പോൾ തോന്നിയ ഒരു നിമിഷത്തെ ആശ്വാസമായിരുന്നിരിക്കണം ആത്മഹത്യ .
ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കൾ എന്ന സ്റ്റേറ്റ്മെന്റുമായി പൊളിറ്റിക്കൽ കറക്ട്നെസ്സ് ചെയ്യാനൊക്കെ എളുപ്പമാണ്. പക്ഷേ പ്രതീക്ഷയുടെ എല്ലാ വഴികളും അടയുമ്പോൾ അതിൽ അഭയം തേടുന്നവരെ വിധിക്കാനും പഴിക്കാനും നമുക്കെന്ത് അധികാരം? ആണധികാരത്തെ കുറിച്ച് വാചാലരാകുന്ന പലരും അറിയാതെ പ്പോകുന്ന ഒന്നുണ്ട്. കുടുംബം എന്ന തൂണിനെ താങ്ങി നിറുത്താൻ രാപകലില്ലാതെ നെട്ടോട്ടമോടുന്ന ആൺജന്മങ്ങളെ കുറിച്ച് . ആണിന്റെ പ്രിവിലേജുകളെ പൊരിച്ച മത്തി കൊണ്ടളക്കുമ്പോൾ പലപ്പോഴും നമ്മൾ പെണ്ണുങ്ങൾ മറന്നുപ്പോകുന്നുണ്ട് നമ്മളിരിക്കുന്ന കംഫർട്ട് സോണിനു പിന്നിൽ നമ്മുടെ ചുറ്റിലുമുള്ള ആണുങ്ങൾ പറയാതെയൊളിപ്പിച്ച ഒരുപാട് ആൺനോവുകളുണ്ടെന്ന് !
ഈ മരണത്തിന്റെ ഉത്തരവാദിത്വവും ഒരുപക്ഷേ പാട്രിയാർക്കിയുടെ മേലേ ചാരാൻ സമൂഹത്തിൽ ആളുണ്ടാവും. എളുപ്പവും അതാണല്ലോ. ആത്മഹത്യാവാർത്ത അറിഞ്ഞ് ആ കുടുംബത്തെ സഹായിക്കാൻ പലരും മുന്നിട്ടിറങ്ങുന്നതായി വായിച്ചു. എന്ത് കാര്യം? നമുക്ക് തൊട്ടടുത്ത വീടുകളിലെങ്കിലും കണ്ണെത്തുവാൻ നമുക്ക് കഴിയണം. മാനാഭിമാനത്തിന്റെ നേർത്ത വരമ്പുകൾ മനസ്സിനെ ഭരിക്കുന്നതിനാൽ നമുക്ക് മുന്നിൽ കൈനീട്ടാൻ മടിക്കുന്നവരുണ്ട് നമുക്ക് ചുറ്റിനും. പുറമേ നിന്നു നോക്കുമ്പോൾ കുഴപ്പമില്ലെന്നു തോന്നുന്ന പല ഇടത്തരക്കാരുടെയും ജീവിതം ദാരിദ്ര്യരേഖയിലുൾപ്പെട്ടവരേക്കാളും കഷ്ടമാണെന്നതാണ് വാസ്തവം.
പൊന്നുമോന് പ്രണാമം
Post Your Comments