
തൊടുപുഴ: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വാൾമുനയിൽ നിന്നും താൻ രക്ഷപെട്ടത് ദൈവാനുഗ്രഹം കൊണ്ടുമാത്രമെന്ന് ആക്രമണത്തിനിരയായ മനുസുധൻ. ആലുവ ഡിപ്പോയിലെ ഡ്രൈവറായ വണ്ണപ്പുറം മുള്ളരിങ്ങാട് താന്നിക്കൽ മനുസൂധനെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടുറോഡിലിട്ട് ആക്രമിച്ചത്. ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ മക്കളുടെ മുന്നിലിട്ടാണ് ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചത്.
വധശ്രമത്തിന് പിന്നാലെ തനിക്കെതിരെ മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കേസ് കൊടുത്തിട്ടുണ്ടെന്നും ഭയന്നാണ് കുടുംബം കഴിയുന്നതെന്നും മനുസുധൻ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
കോൺഗ്രസ് അനുകൂല സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചകളാണ് മനുസുധനെ പോപ്പുലർ ഫ്രണ്ടിന്റെ കണ്ണിലെ കരടായി മാറ്റിയത്. ഇസ്ലാമിക അനുകൂല പോസ്റ്റുകളോട് പ്രതികരിച്ചതാണ് മനുസുധൻ ചെയ്ത തെറ്റ്. നരേന്ദ്രമോദി ഭരിക്കുന്നത് കൊണ്ടാണ് കേരളം ഒരു മതേതര സമൂഹമായി നിൽക്കുന്നതെന്നും അല്ലെങ്കിൽ എന്നേ ഇവിടം സൗദി അറേബ്യ പോലെ ഒരു മതരാഷ്ട്രമാക്കി നിങ്ങൾ മാറ്റുമായിരുന്നു എന്നുമായിരുന്നു മനുസുധന്റെ കമന്റ്.
ഇതിന് പിന്നാലെ മനുസുധനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കി. പിന്നാലെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആദിവാസി വിഭാഗത്തിൽപ്പെട്ട മനു മക്കളുമായി ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസിൽ തൊടുപുഴയ്ക്ക് വരുന്ന വഴി ഫോൺ വിളിച്ച് വണ്ണപ്പുറത്ത് ഇറങ്ങാൻ ചിലർ അവശ്യപ്പെട്ടെങ്കിലും മനു അത് കാര്യമാക്കിയില്ല. ബസ് മങ്ങാട്ടുകവല മുസ്ലിം പള്ളിക്ക് സമീപം എത്തിയപ്പോൾ ഏതാനും ആളുകൾ ബസിൽ കയറി. ഇവർ മനുവിനെ ബസിൽ നിന്നും വലിച്ചിറക്കി ക്രൂരമായി മർദിച്ചു.
കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു മർദ്ദനം. ബസ് വളഞ്ഞ ഒരു സംഘം ആളുകൾ മനുസൂധനെ ആക്രമിക്കാൻ തുടങ്ങിയതോടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. ഇതോടെ അക്രമി സംഘം സ്ഥലം വിടുകയായിരുന്നു. തന്നെ പോക്കറ്റടിക്കാരനായി ചിത്രീകരിച്ച് കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യം എന്ന് മനുസുധൻ പറയുന്നു. ദൈവാനുഗ്രഹത്താലാണ് ജീവൻ തിരിച്ചു കിട്ടിയത്. വടിവാവാളുമായാണ് അക്രമികൾ എത്തിയതെന്ന് മനുസുധൻ പറയുന്നു. അക്രമികൾ അസഭ്യം പറയുകയും തങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതെല്ലാം പോലീസിന് നൽകിയ മൊഴിയിലുണ്ട്. എന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ദുരൂഹതയുണ്ട്. താനും കുടുംബവും ഭയന്നാണ് കഴിയുന്നതെന്ന് മനു പറയുന്നു. കുട്ടികൾ ഭയന്നാണ് ജീവിക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ ഒരു പട്ടി കുരച്ചാൽ പോലും കുട്ടികൾക്ക് ഭീതിയാണ്. സഹപ്രവർത്തകരും സംഘടനാ പ്രവർത്തകരും കരുതലോടെ ഒപ്പമുണ്ടെന്നും ഇദ്ദേഹം പറയുന്നു. ക്രൂരമായ മർദ്ദനമേറ്റ മനുവിനെ ആദ്യം തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൊടുപുഴയിലെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ് മനുസുധൻ. സംഭവത്തിൽ മനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൊടുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ വി.സി വിഷ്ണു കുമാർ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. ആക്രമിക്കാൻ വന്നവരെ തിരിച്ചറിയാൻ കഴിയും. ഇവരെ സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരം നൽകിയിട്ടും അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണെന്നും മനുസുധൻ പറയുന്നു. നീതി തേടി ഹൈക്കോടതിയിൽ സ്വകാര്യ ഹർജി ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് ഇദ്ദേഹം.
Post Your Comments