ഡൽഹി: എകെ 203 തോക്കുകൾ സ്വന്തമാക്കുന്നതിന് റഷ്യയുമായി കരാറൊപ്പിട്ട് ഇന്ത്യ. കലാഷ്നിക്കോവ് പരമ്പരയിലെ ആയുധങ്ങള്‍ നിർമിക്കുന്നതിന് സഹകരിക്കുന്നതിനായി കരാറിൽ ഭേദഗതി വരുത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും റഷ്യൻ മന്ത്രി ജനറൽ സെര്‍ജി ഷൊയ്ഗുവും ഇതു സംബന്ധിച്ചു കരാറിൽ ഒപ്പുവെച്ചു. ഇൻഡോ– റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് വഴി ആറു ലക്ഷത്തിലേറെ എകെ 203 തോക്കുകൾ നിർമിക്കുന്നതിനാണ് കരാർ. 5000 കോടി രൂപ ചെലവു വരുന്നതാണ് പദ്ധതി.
ഇന്ത്യ–റഷ്യ സഹകരണം മേഖലയിലാകെ സമാധാനം, അഭിവൃദ്ധി, സ്ഥിരത എന്നിവ കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്നതായും റഷ്യ നല്‍കുന്ന ശക്തമായ പിന്തുണയ്ക്കു നന്ദി അറിയിക്കുന്നതായും രാജ്നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു. യുപിയിലെ അമേഠിയിലാണ് ഇന്ത്യ– റഷ്യ സഹകരണത്തിൽ തോക്കുകൾ നിർമിക്കുക. പത്തു വർഷത്തേക്കുള്ള സൈനിക സഹകരണവും ഇന്ത്യയും റഷ്യയും ഉറപ്പാക്കുന്നുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മറ്റൊരു രാജ്യത്തെയും ലക്ഷ്യമിട്ടുള്ളതല്ലെന്നു രാജ്നാഥ് സിങ് വ്യക്തമാക്കി. ഇന്ത്യ– റഷ്യ പങ്കാളിത്തത്തിലെ ഏറ്റവും പ്രധാനപ്പെട്ട തൂൺ പ്രതിരോധ മേഖലയിലെ സഹകരണമാണെന്നും മന്ത്രി വ്യക്തമാക്കി. സൈനിക, സൈനിക സാങ്കേതിക സഹകരണത്തിനായുള്ള ഇരുപതാമത് ഇന്ത്യ– റഷ്യ യോഗത്തിലാണ് കരാർ ഒപ്പുവച്ചത്.
Post Your Comments