Latest NewsIndia

പഞ്ചാബ് സർക്കാരിനെതിരെ ധർണയിൽ പങ്കെടുത്ത് കെജ്രിവാൾ, ഡൽഹി സർക്കാരിനെതിരെ ധർണയുമായി കോൺഗ്രസ്

ഡൽഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോഡിയ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ മണ്ഡലത്തിലെ സ്‌കൂളുകളിൽ സന്ദർശനം നടത്തുകയും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനെ വിമർശിക്കുകയും ചെയ്തിരുന്നു

ന്യൂഡൽഹി: പഞ്ചാബ് സർക്കാരിനെതിരെ പ്രതിഷേധം നടത്തിയ അരവിന്ദ് കെജ് രിവാളിനും ആം ആദ്മി പാർട്ടിക്കും മറുപടിയായി അതേനാണയത്തിൽ ഡൽഹി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഞായറാഴ്ച ഡൽഹിയിലെ കെജ് രിവാളിന്റെ വസതിക്ക് മുൻപിൽ നടന്ന ഗസ്റ്റ് അദ്ധ്യാപകരുടെ പ്രതിഷേധത്തിൽ പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവും പങ്കുചേർന്നു.

ഗസ്റ്റ് അദ്ധ്യാപകർ നടത്തിയ സംയുക്ത ധർണയിലാണ് സിദ്ധുവും പങ്കെടുത്തത്. പഞ്ചാബ് സർക്കാരിനെതിരെ കെജ് രിവാൾ ആക്രമണം ശക്തമാക്കിയതോടെ ഡൽഹി സർക്കാരിനെതിരെ സമാനമായ പ്രതിഷേധമുയർത്താനാണ് കോൺഗ്രസിന്റെ നീക്കം. സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗസ്റ്റ് അദ്ധ്യാപകർ പ്രതിഷേധം നടത്തിയത്.

കഴിഞ്ഞ ദിവസം പഞ്ചാബ് സർക്കാരിനെതിരെ മൊഹാലിയിൽ അദ്ധ്യാപകർ നടത്തിയ സമരത്തിനൊപ്പം കെജ് രിവാൾ അണിചേർന്നിരുന്നു. മാത്രമല്ല ഡൽഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോഡിയ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ മണ്ഡലത്തിലെ സ്‌കൂളുകളിൽ സന്ദർശനം നടത്തുകയും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഡൽഹിയിൽ കെജ് രിവാൾ സർക്കാരിനെതിരെ കോൺഗ്രസ് അതേ നാണയത്തിൽ തിരിച്ചടിച്ചത്.

പ്രതിഷേധവേദിയിൽ സമരക്കാർക്കൊപ്പം സിദ്ധുവും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.ട്വിറ്ററിലൂടെ എഎപി സർക്കാരിന്റെ വിദ്യാഭ്യാസ മാതൃകയെയും സിദ്ധു വിമർശിച്ചു. ഗസ്റ്റ് അദ്ധ്യാപകരെ ബോണ്ട് നൽകിയ തൊഴിലാളികളായി മാത്രമാണ് കെജ് രിവാൾ സർക്കാർ കണക്കാക്കുന്നതെന്നും സിദ്ധു പറഞ്ഞു.

ഡൽഹിയുടെ വിദ്യാഭ്യാസ മോഡൽ കരാർ വിദ്യാഭ്യാസം പോലെയാണെന്നും അഞ്ച് വർഷത്തിനുളളിൽ ഡൽഹിയിലെ തൊഴിലില്ലായ്മ അഞ്ച് മടങ്ങായി ഉയർന്നുവെന്നും സിദ്ധു വിമർശിച്ചു. പഞ്ചാബിലെ തെരഞ്ഞെടുപ്പ് ക്യാമ്പെയ്‌നിൽ ഡൽഹിയിലെ വിദ്യാഭ്യാസ മാതൃകയാണ് എഎപി പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്ന ഒരു ഘടകം. ഇത് പൊളിച്ചെഴുതുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button