ബ്രസൽസ്: ചൈനയുടെ ലോകം മുഴുവനുമുള്ള സാമ്പത്തിക സ്വാധീനത്തിന് മറുമരുന്നുമായി യൂറോപ്യൻ യൂണിയൻ. 300 ബില്യൻ യൂറോയുടെ ആഗോള നിക്ഷേപ പദ്ധതി എന്ന ആശയമാണ് യൂറോപ്യൻ യൂണിയൻ മുന്നോട്ടു വെച്ചിരിക്കുന്നത്.
യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല വോൺ, ഇതിന്റെ വിശദ വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ലോകത്തുള്ള റെയിൽ, റോഡ്, തുറമുഖ കരാറുകൾ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത് ചൈനയാണ്. ചൈനീസ് ടെൻഡറുകളും വായ്പകളും, ഒരു നീരാളിയെ പോലെ രാഷ്ട്രങ്ങളെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. ഭാരിച്ച കടം വീട്ടാനാവാത്തതിനാൽ, തങ്ങളുടെ തുറമുഖങ്ങളും വിമാനത്താവളങ്ങളും പല രാജ്യങ്ങളും ചൈനയ്ക്ക് വിട്ടു കൊടുത്തിട്ടുണ്ട്. ഇതിനൊരു ബദൽ സംവിധാനമായാണ് യൂറോപ്യൻ യൂണിയന്റെ ഈ നിക്ഷേപ പദ്ധതി.
യൂറോപ്യൻ അംഗരാഷ്ട്രങ്ങളുടെ നിസ്സീമമായ സഹകരണമുണ്ടെങ്കിൽ ഈ പദ്ധതി വൻ വിജയമായിരിക്കുമെന്നും ഉർസുല പറഞ്ഞു. സാമ്പത്തിക സ്ഥാപനങ്ങളിലും വികസന, നിർമ്മാണ പ്രവർത്തനങ്ങളിലും ഇറക്കാൻ വേണ്ടി വായ്പ രൂപത്തിലായിരിക്കും ഈ പണം ലോകരാഷ്ട്രങ്ങൾക്ക് ലഭ്യമാകുക. ഇതു വഴി ചൈനയുടെ സാമ്പത്തിക,അധികാര മേൽക്കോയ്മയ്ക്ക് ഒരു പരിഹാരമാകുമെന്നാണ് യൂറോപ്യൻ യൂണിയൻ വിശ്വസിക്കുന്നത്.
Post Your Comments