തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുന്ന വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന്റെ വിശദീകരണം തേടി. പോലീസിനെതിരായ പരാതികൾ നൽകാൻ മനുഷ്യവകാശ കമ്മീഷന്റെയും പോലീസ് കംപ്ലയ്ന്റ് അതോറിറ്റിയുടേയും മേൽവിലാസം എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പ്രദർശിപ്പിക്കണമെന്ന ആവശ്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന്റെ വിശദീകരണം തേടിയത്.
നാലാഴ്ചയ്‌ക്കകം സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് പരാതി നൽകുന്നതിനുള്ള വിജിലൻസ് വകുപ്പിന്റെ മേൽവിലാസം എല്ലാ സർക്കാർ ഓഫീസുകളിലും സ്ഥാപിച്ചിട്ടുള്ളത് പോലെ പോലീസ് സ്റ്റേഷനുകളിലും ബോർഡ് സ്ഥാപിക്കണമെന്നതാണ് ആവശ്യം.മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
സംസ്ഥാനത്ത് കൈക്കൂലി ചോദിച്ചാൽ എവിടെയാണ് പരാതി നൽകേണ്ടതെന്ന് ഭൂരിഭാഗം പേർക്കും അറിയാം. എന്നാൽ, പോലീസിനെതിരെ എവിടെ പരാതി പറയുമെന്ന് പലർക്കുമറിയില്ല. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാൻ കഴിയുന്നത് മനുഷ്യാവകാശ കമ്മീഷനിലും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയിലുമാണ്. ഈ ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും വിലാസം പ്രദർശിപ്പിക്കണമെന്നാണ് രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നത്.
Post Your Comments