തളിപ്പറമ്പ്: ആൾമാറാട്ടത്തിലൂടെ ഭൂമി തട്ടിയെടുത്ത കേസില്‍ സബ് രജിസ്ട്രാർ അറസ്റ്റിൽ. തൃശൂര്‍ കോടാലി സബ് രജിസ്ട്രാറും നേരത്തെ തളിപ്പറമ്പ് സബ് രജിസ്ട്രാറുമായിരുന്ന കണ്ണൂർ ചിറക്കൽ സ്വദേശി പി.വി.വിനോദ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറുമാത്തൂര്‍ വില്ലേജിലെ തുമ്പശേരിയില്‍ ആണ് കേസിനാസ്പദമായ സംഭവം.
പ്രതിയെ അറസ്റ്റ് ചെയ്തത് രണ്ടു കേസുകളിലായാണ്. 2016-ല്‍ റോസ്മേരി എന്നയാളുടെ പേരിലുള്ള 7.5 ഏക്കര്‍ സ്ഥലം രേഖയുടെ പകര്‍പ്പ് ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി തട്ടിയെടുത്തെന്നാണ് ഒരു കേസ്. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് ആറു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2017-ല്‍ ടി.എം. തോമസ് പവര്‍ ഓഫ് അറ്റോര്‍ണിയായ ഫിലിപ്പോസ് എന്നയാളുടെ സ്ഥലവും ആൾമാറാട്ടം നടത്തി തന്റെ ബന്ധുവടക്കം 12 ആളുകളുടെ പേരിലാക്കിയെന്നാണ് രണ്ടാമത്തെ കേസ്. എട്ടേമുക്കാല് ഏക്കര്‍ സ്ഥലമാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. ഈ കേസിലും നേരത്തെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടക്കുമ്പോള്‍ തളിപ്പറമ്പ് സബ് രജിസ്ട്രാറായിരുന്നു വിനോദ്.
തളിപ്പറമ്പ് പോലീസ് ഇന്‍സ്പെക്ടര്‍ എ.വി. ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post Your Comments