തിരുവനന്തപുരം: നവോത്ഥാനം ഒക്കെ പറച്ചിലില്‍ മാത്രം ഒതുങ്ങി പോകുന്ന ഒരവസ്ഥയാണ് പാർട്ടിയിൽ ഉള്ളതെന്ന് ദത്ത് വിവാദത്തിൽ അനുപമ ചന്ദ്രൻ. കല്യാണം കഴിക്കാതെ ഒരു പെൺകുട്ടി പ്രസവിച്ച് കഴിഞ്ഞാൽ ആർക്കും അംഗീകരിക്കാൻ പറ്റാത്ത സ്ഥിതിയാണ് നവോത്ഥാന കേരളത്തിലും നവോത്ഥാന പാർട്ടിയിലും ഉള്ളതെന്ന് അനുപമ ‘ദി ക്യൂ’വിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. കുട്ടിക്കടത്തിന് എതിരെയാണ് ഇനി തന്റെ സമരമെന്ന് വ്യക്തമാക്കിയ അനുപമ, മുഖ്യമന്ത്രിപോലും ഇതൊരു കുടുംബ പ്രശ്നമല്ലേ എന്ന് ചോദിച്ചു എന്നാണ് അറിഞ്ഞതെന്നും അദ്ദേഹത്തിന്റെ ഒരു പ്രതികരണം ആഗ്രഹിച്ചിരുന്നുവെന്നും പറഞ്ഞു.
‘വീട്ടീന്ന് ഇറങ്ങിപോകുന്നതിനു മുന്നേയുള്ള കുറച്ച് സമയത്താണ് ഞാൻ തകർന്ന് പോയത്. എന്നോട് പോയി ആത്മഹത്യ ചെയ്യാനായിരുന്നു എന്റെ അച്ഛനും അമ്മയും പറഞ്ഞത്. ആത്മഹത്യ ചെയ്തില്ലെങ്കിൽ നിന്നെ ഭ്രാന്താശുപത്രിയിൽ ആക്കും എന്നായിരുന്നു അവർ പറഞ്ഞത്. കുഞ്ഞിനെ തിരിച്ച് കിട്ടില്ല എന്ന് പോലും പറഞ്ഞവർ ഉണ്ട്. ആദ്യമൊക്കെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോൾ ഒറ്റപ്പെടലായിരുന്നു. പിന്നീട് ഒരുപാട് പേർ സഹായിച്ചു, കൂടെ നിന്നു. ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്, അപ്പോഴൊക്കെ കുഞ്ഞിനെ ഓർത്താണ് പിടിച്ച് നിന്നത്. എന്റെ കുഞ്ഞിനെ തിരിച്ച് കിട്ടില്ല എന്നാണെങ്കിൽ ജീവിച്ചിരിക്കാൻ പോലും ആഗ്രഹമുണ്ടായിരുന്നില്ല. എനിക്ക് ഇനിയും കുട്ടികൾ ഉണ്ടാകുമല്ലോ എന്നായിരുന്നു പലരും ചോദിച്ചത്’, അനുപമ പറയുന്നു.
Also Read:ആരോഗ്യമുള്ള ശരീരത്തിന് വേണം ചൂടുള്ള നാരങ്ങ വെള്ളം!
‘പാർട്ടി കുടുംബം ആയതുകൊണ്ട് ഒരുപാട് നേതാക്കളെ അറിയാം. ഇപ്പോഴുള്ള പല മന്ത്രിമാരെയും അറിയാം. മുഖ്യമന്ത്രി പോലും പറഞ്ഞു ഇതൊരു കുടുംബപ്രശ്നമല്ലെ എന്ന്. അങ്ങനെയാണെങ്കിൽ സ്ത്രീധന പീഡന മരണങ്ങൾ കാണുന്നില്ലേ? അതൊക്കെ കുടുംബ പ്രശ്നം അല്ലെ?. കുടുംബ വിഷയം എന്ന് പറഞ്ഞ് ഇതിനെയൊക്കെ തള്ളി കളയാൻ പാടില്ല. സൈബർ ആക്രമണങ്ങൾക്ക് ഞാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരം സൈബർ ആക്രമണങ്ങളൊന്നും ഞാൻ കാണാൻ നിക്കാറില്ല. സമൂഹത്തിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട. എനിക്ക് ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല’, അനുപമ പറയുന്നു.
‘പാർട്ടിക്കകത്ത് പറയുന്ന ഒരു കാര്യമാണ്, നവോത്ഥാനം. പക്ഷെ എവിടെയെങ്കിലും അത് കാണാൻ പറ്റുന്നുണ്ടോ?. പറച്ചിലിൽ ഉള്ളു അതൊക്കെ. എല്ലാ നേതാക്കളും വീടിനു പുറത്തേക്ക് ഇറങ്ങിക്കഴിഞ്ഞാൽ നവോത്ഥാനം, അകത്ത് കയറിയാൽ പിന്നെ അതൊന്നും ഇല്ല. ഒട്ടും ചിന്താശേഷി ഇല്ലാതെയാണ് പാർട്ടി അണികളെ വളർത്തുന്നത്. ഞാൻ ഇപ്പോഴും പാർട്ടിയെ തള്ളി പറഞ്ഞിട്ടില്ല. ഞാൻ അത് ചെയ്യുകയും ഇല്ല’, അനുപമ പറഞ്ഞു.
Also Read:‘താലിബാനികൾ എന്റെ സഹോദരർ’ : ജനങ്ങളോട് അഫ്ഗാനിലേക്ക് മടങ്ങി വരാനഭ്യർത്ഥിച്ച് ഹമീദ് കർസായ്
ശബരിമല വിഷയത്തില്‍ ഒക്കെ സ്ത്രീകള്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ട്, നവോത്ഥാനം വേണം, ജെന്‍ഡര്‍ ഇക്വാലിറ്റി വേണം എന്നുപറഞ്ഞ പാര്‍ട്ടിക്ക് എന്റെ വിഷയത്തില്‍ ആ നിലപാടില്ലെന്ന് അനുപമ ചൂണ്ടിക്കാട്ടുന്നു. താൻ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാര്‍ട്ടിക്ക് മനസിലാവാത്തതുകൊണ്ടല്ലെന്നും മനസ്സിലായിട്ടും അംഗീകരിക്കാന്‍ പറ്റാത്തതാണ് പാർട്ടിയുടെ പ്രശ്നമെന്നും അനുപമ പറയുന്നു. മലയാളികളുടെ സദാചാരബോധം മാറണമെന്നും ചിന്താശേഷി വളരണമെന്നും അനുപമ പറയുന്നു. അവിവാഹിതരായ സ്ത്രീകൾക്ക് കുട്ടികളെ ദത്തെടുക്കുന്നതിനു കുഴപ്പമില്ല, എന്നാൽ വിവാഹം കഴിക്കാത്ത സ്ത്രീ കുട്ടിയെ പ്രസവിച്ചാൽ കുഴപ്പമാണെന്ന് കരുതുന്ന മലയാളി സദാചാര ബോധം മാറണമെന്ന് അനുപമ വ്യക്തമാക്കുന്നു.
Post Your Comments