KeralaLatest NewsNews

ശല്യപ്പെടുത്തിയ യുവാവിനെ മലർത്തിയടിച്ച കരാട്ടെ ​ഗേൾ: പെൺകുട്ടികൾ മാർഷ്യൽആർട്സ് പഠിക്കുന്നത് നന്നാകുമെന്ന് വി.ശിവൻകുട്ടി

കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ മലർത്തിയടിച്ച ലക്ഷ്മി ആണ് താരം. അക്രമിയെ കായികമായി നേരിട്ട വിദ്യാര്‍ത്ഥിനി ലക്ഷ്മി സജിത്തിനെ വീഡിയോ കോൾ വിളിച്ച് അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്തരം സന്ദർഭങ്ങളിൽ പകച്ചു നിൽക്കുകയല്ല പ്രതിരോധിക്കുകയാണ് വേണ്ടതെന്ന് ലക്ഷ്മി ഓർമ്മപ്പെടുത്തുന്നെന്ന് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പെൺകുട്ടികൾ മാർഷ്യൽ ആർട്സ് പഠിക്കുന്നത് നല്ലതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ലക്ഷ്മി സജിത്ത്. ലക്ഷ്മി സജിത്തും കൂട്ടുകാരികളും രാവിലെ സ്കൂളിലേക്കു പോകുന്നവഴി ഒരാൾ ലക്ഷ്മിയുടെ ദേഹത്തു തട്ടി. ആരെന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ ഇതേ ആൾ മറ്റൊരു പെൺകുട്ടിയെ കയറിപ്പിടിക്കുന്നത് കണ്ടു. ലക്ഷ്മി പിന്നിലൂടെ ചെന്ന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് നിര്‍ത്തി. കരാട്ടെയറിയാവുന്ന ലക്ഷ്മി ആക്രമിയുടെ കൈയ്യും കഴുത്തും ചേര്‍ത്ത് പിടിച്ച് ബഹളം വെച്ചു. ഇതോടെ ആളുകള്‍ ഓടിക്കൂടി. പൊലീസും സ്ഥലത്തെത്തി. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരായ വളയം ഭൂമി വാതുക്കല്‍ കളത്തില്‍ ബിജുവാണ് പൊലീസ് പിടിയിലായത്.

വി.ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

#കോഴിക്കോട് നഗരമധ്യത്തിൽ പെൺകുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ് വൺ വിദ്യാർഥിനി ലക്ഷ്മി സജിത്ത് പെൺകരുത്തിന്റെ മികച്ച മാതൃകയാണ്. ഉപദ്രവം ലക്ഷ്യമിട്ടു വന്ന അക്രമിയെ കീഴ്പ്പെടുത്താൻ ലക്ഷ്മിയെ സഹായിച്ചത് മാർഷ്യൽ ആർട്സ് പരിശീലനം കൂടി ആണെന്ന് മനസ്സിലാക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ പകച്ചു നിൽക്കുകയല്ല വേണ്ടത് ധീരമായി പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന് ലക്ഷ്മി ഓർമ്മപ്പെടുത്തുന്നു. കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്കൂളിലാണ് ലക്ഷ്മി പഠിക്കുന്നത്. ലക്ഷ്മിയെ വീഡിയോ കോളിൽ വിളിച്ചു. ക്ലാസ് മുറിയിലിരുന്ന് ലക്ഷ്മി എന്നെയും പാർവ്വതിയേയും അഭിവാദ്യം ചെയ്തു. ലക്ഷ്മിയുമായും പ്രിൻസിപ്പൽ ബഷീറുമായും സംസാരിച്ചു. ലക്ഷ്മിയെ അഭിനന്ദിക്കുന്നതിന് ക്ലാസ് റൂമും കുട്ടികളും സാക്ഷിയായി. കോഴിക്കോട് എത്തുമ്പോൾ റഹ്മാനിയ സ്കൂളിലെത്തി ലക്ഷ്മിയെ കാണാമെന്നും അറിയിച്ചു. മറ്റേതൊരു കായികയിനവുമെന്നതുപോലെ പെൺകുട്ടികൾ മാർഷ്യൽ ആർട്സും പഠിക്കുന്നത് നന്നാകും. ആരോഗ്യ സംരക്ഷണത്തോടൊപ്പം സ്വയം പ്രതിരോധവും മാർഷ്യൽ ആർട്സിലൂടെ കൈവരിക്കാനാകും. ലക്ഷ്മിക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button