അങ്കമാലി: അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എ മയക്കുമരുന്ന് കടത്തിയ യുവാവ് പിടിയിൽ. നാർകോട്ടിക് അന്വേഷണ സംഘവും പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂർ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ഏറാടിമുച്ചേത്ത് വീട്ടിൽ സുധീറാണ് (24) പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് സർവിസ് നടത്തുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ. ജില്ല റൂറൽ എസ്.പി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച പുലർച്ച 6.30ഓടെ റൂറൽ ജില്ല ആന്റി നാർകോട്ടിക് പ്രത്യേക അന്വേഷണ വിഭാഗവും അങ്കമാലി പൊലീസും ചേർന്ന് ദേശീയപാതയിൽ അങ്കമാലി കെ. എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ബസ് തടഞ്ഞ് നിർത്തി നടത്തിയ പരിശോധനയിലാണ് യുവാവ് ഹെൽമറ്റിൽ പൊതിഞ്ഞ് രഹസ്യമായി സൂക്ഷിച്ചിരുന്ന 50 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.
Read Also : കഞ്ചാവ് വിൽപന : അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഹെൽമറ്റ് ബാഗിൽ പൊതിഞ്ഞ് വെച്ചിരിക്കുകയായിരുന്നു. ഇയാൾ ഡിഗ്രി മുതൽ പഠിച്ചത് ബംഗളൂരുവിലാണ്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതോടെ സി.ജെ എന്ന് വിളിക്കുന്ന സുഡാൻ വംശജൻ ബൈക്കിൽ ഹെന്നൂർ എന്ന സ്ഥലത്തെത്തിയാണ് മയക്കുമരുന്നു കൈമാറിയതെന്ന് പറഞ്ഞു.
ഡിവൈ.എസ്.പിമാരായ പി.കെ. ശിവൻ കുട്ടി, സക്കറിയ മാത്യു, എസ്.എച്ച്.ഒ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, മാർട്ടിൻ ജോൺ, എ.എസ്.ഐ റെജിമോൻ, സി.പി.ഒ അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments