ന്യൂഡൽഹി : ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ റെഡ് അലർട്ടുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ദക്ഷിണ ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ഒഡീഷ തീരത്ത് ചുഴിലിക്കാറ്റിന്റെ രൂപത്തിൽ എത്തിപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മുന്നറിയിപ്പിനെ തുടർന്ന് തീരപ്രദേശങ്ങളിലുളള 13 ജില്ലകളിലെ കളക്ടർമാരോട് തയ്യാറെടുപ്പ് നടത്താൻ ഒഡീഷ സർക്കാർ നിർദ്ദേശിച്ചു.
അടിയന്തിര ഘട്ടത്തിൽ ദുരന്ത നിവാരണപ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കുമായി പ്രത്യേക രൂപരേഖ തയ്യാറാക്കിയതായി അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയോടും ഒഡീഷ ദുരന്ത ദ്രുതകർമ്മസേനയോടും തയ്യാറെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് തീരപ്രദേശത്ത് വീശുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതെന്ന് ഒഡീഷ റിലീഫ് കമ്മീഷണർ പി.കെ ജന പറഞ്ഞു.
വെളളിയാഴ്ചയോടെ ഒഡീഷയുടെ തെക്കൻ തീരത്തുളള ജില്ലകളിൽ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമർദ്ദം രൂപപ്പെടുന്നതും സഞ്ചാരപഥവും കൂടുതൽ കൃത്യമായി വിലയിരുത്തി വരികയാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
Post Your Comments