തായ്പെയ്: ചൈനയുടെ തായ്‌വാൻ അധിനിവേശ പദ്ധതികൾക്കെതിരെ മുന്നറിയിപ്പു നൽകി മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. ചൈന തായ്‌വാനെ ആക്രമിച്ചാൽ യു.എസും ജപ്പാനും നോക്കി നിൽക്കില്ല എന്നാണ് ആബേ താക്കീതു നൽകിയത്.
‘ഒരു തായ്‌വാൻ അടിയന്തരാവസ്ഥയെന്നാൽ, അതൊരു ജാപ്പനീസ് അടിയന്തരാവസ്ഥയാണ്. ഒരു ജാപ്പനീസ് അടിയന്തരാവസ്ഥ, തീർച്ചയായും യു.എസ്-ജപ്പാൻ സഖ്യത്തെ ബാധിക്കുന്നതും ആണ്. ചൈനയിലെ ജനങ്ങളെല്ലാം, പ്രധാനമായും പ്രസിഡന്റ് ഷീ ജിൻപിംഗ് ഈ കാര്യം ഒരിക്കലും മറക്കരുത്’ എന്നായിരുന്നു ഷിൻസോ ആബെയുടെ പരസ്യ പ്രഖ്യാപനം. തായ്‌വാനു നേരെയുള്ള ഒരു സായുധ ആക്രമണം ജപ്പാനു കൂടി ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തായ്‌വാൻ ബുദ്ധിജീവി സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ പോളിസി റിസർച്ച് സംഘടിപ്പിച്ച ഫോറത്തിൽ പ്രസംഗിക്കുകയായിരുന്നു ഷിൻസോ ആബെ.
ജനാധിപത്യ ഭരണ രീതി നിലനിൽക്കുന്ന തായ്‌വാനു മേൽ ദശാബ്ദങ്ങളായി ചൈന അവകാശമുന്നയിക്കുന്നുണ്ട്. സമാധാനപൂർണമായി മുന്നോട്ടു പോകുവാൻ ആഗ്രഹിക്കുന്നുവെന്നും, എന്നാൽ, തങ്ങളുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റത്തെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നുമാണ് തായ്‌വാൻ ഇക്കാര്യത്തിൽ പ്രതികരിക്കാറുള്ളത്.
Post Your Comments