കൊച്ചി : സ്മാർട് ടിവി ഓഫറിൽ വാങ്ങാനായി ഗൂഗിളിൽ നിന്നും ലഭിച്ച കസ്റ്റമർ കെയർ നമ്പറിൽ വളിച്ച വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 77,000 രൂപ. ആലുവ സ്വദേശിനിയായ വീട്ടമ്മയാണ് ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ പരതി കബളിപ്പിക്കപ്പെട്ടത്. എന്നാൽ, റൂറൽ ജില്ലാ സൈബർ ക്രൈം പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ നഷ്ടപ്പെട്ട തുക വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു.
ദീപാവലി ദിനത്തിൽ സ്മാർട് ടിവിക്ക് ഓഫർ ഉണ്ടോ എന്നറിയാനാണ് വീട്ടമ്മ ഗൂഗിളിൽ സെർച്ച് ചെയ്തത്. ലഭിച്ചത് വ്യാജ നമ്പറാണെന്നറിയാതെ കിട്ടിയ നമ്പറിൽ വിളിക്കുകയും ചെയ്തു. ഓഫർ ഉണ്ടെന്നും അയച്ച് തരുന്ന ലിങ്കിലെ ഫോറം പൂരിപ്പിച്ച് നൽകാനും തട്ടിപ്പ് സംഘം അറിയിച്ചു. ഇതോടെ തട്ടിപ്പ് സംഘം അയച്ച് നൽകിയ ഫോറം പൂരിപ്പിച്ച് വീട്ടമ്മ തിരികെ അയച്ച് നൽകി. പിന്നീട് ഒരു എസ്എംഎസ് സന്ദേശം സംഘം നിർദേശിച്ച മൊബൈൽ നമ്പറിലേക്ക് അയയ്ക്കാനും ആവശ്യപ്പെട്ടു. ഇതും വീട്ടമ്മ ഉടൻ അയച്ച് നൽകി. ഇതോടെ വീട്ടമ്മയുടെ ഓൺലൈൻ നെറ്റ് ബാങ്കിങ്ങിന്റെ നിയന്ത്രണം തട്ടിപ്പ് സംഘത്തിന്റെ കൈകളിലായി.
Read Also : കാർബൺരഹിത വൈദ്യുതോത്പാദനത്തിനു കൂട്ടായ പരിശ്രമം വേണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
സംഘം മൂന്ന് പ്രാവശ്യമായി 25,000 രൂപ വച്ച് 75,000 രൂപ ഓൺലൈനിലൂടെ പിൻവലിച്ചു. 2,000 രൂപ അക്കൗണ്ട് ട്രാൻസ്ഫർ നടത്തുകയും ചെയ്തു. ഇതോടെയാണ് പണം നഷ്ടപ്പെട്ട വിവരം വീട്ടമ്മ അറിയുന്നത്. തുടർന്നാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് പരാതി നൽകിയത്. പൊലീസ് സൈബർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയ്ക്കുകയും ചെയ്തു. തുടർന്ന് സൈബർ ടീം തട്ടിപ്പ് സംഘം നടത്തിയ ബാങ്ക് ഇടപാട് മരവിപ്പിക്കുകയും ഇതുവഴി വീട്ടമ്മയുടെ അക്കൗണ്ടിൽ പണം തിരികെ എത്തുകയും ചെയ്തു.
സംഭവത്തിന് പിന്നിൽ ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments