കൊച്ചി: മലബാര്‍ സമരത്തിന്റെ ചരിത്രം പുനരാവിഷ്‌കരിച്ച് വികാരവും തീവ്രതയും ഇളക്കാന്‍ ആര് ശ്രമിച്ചാലും ലീഗ് എതിര്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മലബാര്‍ സമരത്തെക്കുറിച്ചുള്ള അതിവൈകാരിക പ്രചരണങ്ങളെ മുന്‍നിര്‍ത്തി ചരിത്രത്തെ തീവ്രപാതയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ഏത് വിധേനയും അതിനെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാണ് സമൂഹം ശ്രമിക്കേണ്ടതെന്നും മലബാറിലെ മുസ്‌ലിങ്ങളുടെ കൈയിലെ കത്തി വലിച്ചെറിഞ്ഞ് പേന കൊടുത്തത് ലീഗാണെന്നും ഷാജി പറഞ്ഞു. 1921ലെ സമരം നയിച്ചവരെ ചേര്‍ത്തു പിടിക്കുന്നുവെന്നും സമരത്തിന്റെ വികാരത്തെ ഉള്‍ക്കൊണ്ടുതന്നെ ഈ നൂറ്റാണ്ടിലെ ജനതയെ നയിക്കേണ്ടത് വികാരമല്ലെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ വിവേകമാണെന്നും ഷാജി ഓർമിപ്പിക്കുന്നു.
Also Read:കോണ്‍ഗ്രസും തൃണമൂലും രണ്ടുതട്ടില്‍: മൂന്നാംമുന്നണി രൂപീകരണത്തില്‍ എതിര്‍പ്പ്, നേതാക്കളെ കാണാതെ മമത
‘മലബാര്‍ സമരത്തില്‍ പോരാട്ടം നടത്തിയവരുടെ പ്രവര്‍ത്തനങ്ങള്‍ വലുതാണ്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം ഒരു സമൂഹം പ്രതികരിക്കേണ്ടത് അതത് കാലത്തിന്റെ അറിവും വിദ്യാഭ്യാസവും വെച്ചുകൊണ്ടാണ്. 1921ലെ ജനതക്ക് അങ്ങിനെ പ്രതികരിക്കാനേ കഴിയൂ. 1921ന്റെ കഥകള്‍ പറഞ്ഞ് ആവേശം കൊള്ളുന്നവര്‍ ഒന്നുകൂടി ഓര്‍ക്കണം. മലബാര്‍ കലാപം തകര്‍ത്തുകളഞ്ഞ ഒരു വീഥിയില്‍ നിന്ന് ജനതയെ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു ചരിത്രമുണ്ട്. അന്ന് ആലി മുസ്‌ലിയാര്‍ അടക്കമുള്ളവര്‍ സമരത്തിന്റെ മുന്നിലേക്ക് കുതിച്ചു പോയപ്പോള്‍ അരുതെന്ന് പറയാന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ മഹാന്‍മാര്‍ വന്നിട്ടുണ്ട്. മലബാര്‍ കലാപം അടിച്ചമര്‍ത്തിപ്പോയ ഈ മണ്ണിനെ, എഴുന്നേറ്റ് നില്‍ക്കാന്‍ ഒരു നാമ്പില്ലാതെ പോയ ഈ മണ്ണിനെ പരിഷ്‌കരിച്ചെടുത്തത് കെ.എം. സീതി സാഹിബാണ്, ബാഫഖി തങ്ങളാണ്. ഖാഇദെ മില്ലെത്തിന്റെ ആദര്‍ശമാണ്,’ അദ്ദേഹം പറഞ്ഞു.
‘സി.എച്ച് മുഹമ്മദ് കോയയുടെ പ്രസംഗമുണ്ട്. വലിച്ചെറിയൂ ആ കത്തി നിങ്ങള്‍ അറബിക്കടലിലേക്ക് എന്ന്. മലബാറിലെ മാപ്പിളയുടെ കൈയിലെ കത്തി വലിച്ചെറിഞ്ഞ് അവന്റെ കയ്യിലേക്ക് പേന വെച്ചുകൊടുത്ത പ്രസ്ഥാനത്തിന്റെ പേരാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. ഓര്‍ക്കേണ്ട ചരിത്രത്തെ നേരാംവണ്ണം ഓര്‍ക്കണം. അതല്ലാതെ തകര്‍ന്നുപോയ ചരിത്രത്തെ, അപകടങ്ങളുണ്ടാക്കിയ ഒരു ചരിത്രത്തെ പുനരാവിഷ്‌കരിച്ച് തീവ്രതയുടെ പാതയിലേക്ക് ഒരു ജനതയെ കൊണ്ടുപോയി വിടാന്‍ ആര് ശ്രമിച്ചാലും അതിനെതിരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നില്‍ക്കും,- കെ.എം ഷാജി പറഞ്ഞു.
Post Your Comments