ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിന്ന് 12 രാജ്യസഭാംഗങ്ങളെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ സമ്മേളനകാലയളവില്‍ ബഹളംവച്ചെന്നാരോപിച്ച് എളമരം കരീം, ബിനോയ് ബിശ്വം ഉള്‍പ്പടെയുള്ള 12 പ്രതിപക്ഷ പാര്‍ട്ടി എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അനിയന്ത്രിതമായ രീതിയിലാണ് ഈ അംഗങ്ങള്‍ പെരുമാറിയതെന്നും ഉത്തരവില്‍ പറയുന്നു. ഈ സമ്മേളനകാലം മുഴുവന്‍ സസ്‌പെന്‍ഷന്‍ തുടരും.
ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, കോണ്‍ഗ്രസിന്റെ ആറ് അംഗങ്ങളുമാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്. പെഗാസസ്, ജനറല്‍ ഇന്‍ഷൂറന്‍സ് ബിസിനസ് ഭേദഗതി തുടങ്ങിയ സംഭവള്‍ പാര്‍ലമെന്റില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായിരുന്നു.
രാജ്യസഭയ്ക്കുള്ളില്‍ പ്രതിപക്ഷ അംഗങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍മാരുമായി വഴക്കിടുന്നതും കരിങ്കൊടിയുമായി എംപിമാര്‍ സഭയിലെ മേശമേല്‍ കയറുന്നതും ഫയലുകള്‍ വലിച്ചെറിയുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ വനിതാ മാര്‍ഷല്‍മാരെ കയ്യേറ്റം ചെയ്തതായി ഭരണപക്ഷം ആരോപിച്ചപ്പോൾ പ്രതിപക്ഷ നേതാക്കളെയും വനിതാ എംപിമാരെയും കയ്യേറ്റം ചെയ്യാന്‍ ഭരണപക്ഷം പുറത്തുനിന്ന് ആളുകളെ സഭയില്‍ എത്തിച്ചതായി പ്രതിപക്ഷവും ആരോപിച്ചു.
Post Your Comments