ന്യൂഡല്‍ഹി: കര്‍താര്‍പൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിന് മുന്നില്‍ നടത്തിയ പാകിസ്താനി മോഡലിന്റെ ഫോട്ടോ ഷൂട്ട് വിവാദമാകുന്നു. തല മറയ്ക്കാതെയാണ് മോഡല്‍ ഫോട്ടോ ഷൂട്ട് നടത്തിയതെന്നാണ് പ്രധാന ആരോപണം. പാകിസ്താനിലെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര ശൃംഖലയായ മന്നത്തിന്റെ ഫോട്ടോഷൂട്ടാണ് വിവാദത്തിലായിരിക്കുന്നത്. ഗുരുദ്വാരയ്ക്ക് മുന്നില്‍ തലമറയ്ക്കാതെയാണ് മോഡല്‍ ഫോട്ടോഷൂട്ട് നടത്തിയത്. മന്നത്തിന്റെ സമൂഹമാദ്ധ്യമ പേജില്‍ ചിത്രങ്ങള്‍ പങ്കു വച്ചതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു.
Read Also : മതങ്ങളും പാർട്ടികളും പരസ്പരം പോരടിക്കുന്നു, എന്റെ രാഷ്ട്രീയം മാനുഷിക മൂല്യങ്ങളാണ്: കുഞ്ചാക്കോ ബോബൻ
സിഖുകാരുടെ സംഘടനയായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ഗുരുദ്വാര കോംപ്ലക്സിനുള്ളില്‍ വിനോദത്തിനുള്ള വീഡിയോകളോ ചിത്രങ്ങളോ എടുക്കുന്നതിന് അനുവാദമില്ല. മാത്രമല്ല തലമറച്ചു മാത്രമാണ് വിശ്വാസികള്‍ ഗുരുദ്വാരയ്ക്കുള്ളിലേക്ക് പ്രവേശിക്കാറുള്ളത്. ഇത് മറികടന്നാണ് മോഡല്‍ ഉള്‍പ്പെട്ട സംഘം കോംപ്ലക്സിനുള്ളില്‍ കടന്ന് ചിത്രീകരണം നടത്തിയത്.
ഒരു രീതിയിലും അംഗീകരിക്കാനാകാത്തതും, വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്ന് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു. ഗുരുദ്വാരയ്ക്ക് മുന്നില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഉറുദു ഭാഷയില്‍ ബോര്‍ഡ് വയ്ക്കണമെന്നും, വിഷയം ഗുരുദ്വാര അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ സമൂഹമാദ്ധ്യമ പേജുകളില്‍ നിന്ന് നീക്കണമെന്നും, മന്നത്ത് സ്റ്റോറിനെതിരെ നടപടി എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
Post Your Comments