സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് കാർ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ആദിവാസി യുവാവിന് ജാമ്യം ലഭിച്ചു. മീനങ്ങാടി അത്തിക്കടവ് കോളനിയിലെ ആദിവാസി യുവാവ് ദീപുവിനെയാണ് മോഷണക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നത്.
മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലും ദീപുവിന് ജാമ്യം ലഭിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡ്രൈവിങ് അറിയാത്ത യുവാവിനെ കാർ മോഷണക്കേസിൽ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.
സുൽത്താൻ ബത്തേരി പൊലീസ് ഈ കഴിഞ്ഞ അഞ്ചിനാണ് 22കാരനായ ദീപുവിനെ അറസ്റ്റ് ചെയ്തത്. പിന്നീട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും പ്രതിയാക്കി. ദീപുവിനെതിരെയുള്ളത് കള്ളക്കേസാണെന്ന് കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും തുടക്കത്തിൽ മുതൽ ആരോപിച്ചിരുന്നു.
ദീപുവിന്റെ അമ്മയുടെ പരാതിയെത്തുടർന്ന് സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ വയനാട് ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജാമ്യം ലഭിച്ചതിനെ തുടർന്ന് ദീപു ജയിലിൽ നിന്ന് പുറത്തിറങ്ങി.
Post Your Comments