ചെന്നൈ: വർഷങ്ങൾക്ക് മുൻപ് സഹോദരിക്ക് ദത്ത് നൽകിയ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കേസ് നൽകിയ യുവതിക്ക് തിരിച്ചടി. പോറ്റമ്മയ്ക്കൊപ്പം പോകണോ പെറ്റമ്മയ്ക്കൊപ്പം പോകണോ എന്ന് കോടതി കുട്ടിയോട് ചോദിച്ചു. രണ്ട് അമ്മമാരെയും വേണമെന്നായിരുന്നു കുട്ടി നൽകിയ മറുപടി. കുട്ടിയെ വേണമെന്ന് പെറ്റമ്മയും പോറ്റമ്മയും കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പോറ്റമ്മക്കൊപ്പം വിട്ട കുട്ടിയെ പെറ്റമ്മക്ക് ആഴ്ചയിലൊരിക്കല്‍ കാണാമെന്ന് കോടതി ഉത്തരവിട്ടു.
സേലം അമ്മപേട്ടയിലെ ശിവകുമാര്‍ ഭാര്യ ശരണ്യയുടെ സമ്മതത്തോടെ 2012-ലാണ് മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരി സത്യയ്ക്ക് ദത്തുനല്‍കിയത്. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും സത്യയ്ക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതോടെയാണ്, തങ്ങളുടെ മൂന്നാമത്തെ കുട്ടിയെ സത്യയ്ക്ക് ദത്ത് നൽകിയത്. 2019-ല്‍ സത്യയുടെ ഭര്‍ത്താവ് രമേഷ് അര്‍ബുദം ബാധിച്ച് മരിച്ചു. തുടര്‍ന്ന് മകളെ തിരികെ വേണമെന്ന് ശരണ്യ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മകളെ നല്‍കാന്‍ സത്യ തയ്യാറായില്ല. ഇതോടെയാണ് സംഭവം കോടതിയിലെത്തിയത്.
ഏത് അമ്മയ്‌ക്കൊപ്പം പോകാനാണ് താൽപ്പര്യമെന്ന് കോടതി ചോദിച്ചപ്പോൾ ‘പോറ്റമ്മയും പെറ്റമ്മയും വേണം’ എന്നായിരുന്നു കുട്ടിയുടെ മറുപടി. തുടര്‍ന്ന് പോറ്റമ്മയ്‌ക്കൊപ്പം കുട്ടിയെ വിടാന്‍ ജസ്റ്റിസ് പി.എന്‍. പ്രകാശ്, ജസ്റ്റിസ് ആര്‍.എന്‍. മഞ്ജുള എന്നിവരിടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാന്‍ പെറ്റമ്മയെ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.
Post Your Comments