അങ്കാറ: ഏതാനും മാസങ്ങൾക്ക് മുമ്പാണ് തുർക്കിയിലെ ആരാധനാലയമായ ഹാഗിയ സോഫിയയിലെ ഭിത്തി മാറ്റിയപ്പോൾ റൂണിക് ലിപിയിലും മറ്റൊരു ഭാഷയിലുമുള്ള എഴുത്തുകൾ അടങ്ങിയ അഞ്ച് ചുരുളുകൾ വിശ്വാസികൾ കണ്ടെത്തിയത്. എന്നാൽ പൗരാണിക ലിഖിതങ്ങളെന്ന് സംശയിക്കപ്പെടുന്ന ഈ വസ്തുക്കളിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ.
എഴുത്തുകളോടൊപ്പം നിരവധി ചിത്രങ്ങൾ അടങ്ങിയ ഒരു കൊളാഷും ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം ഒരു പ്ലാസ്റ്റിക് ഭാഗിൽ പൊതിഞ്ഞ് 30 സെന്റീമീറ്റർ വീതിയുള്ള മാർബിൾ ബ്ലോക്കിനടിയിൽ തിരുകിയ നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടെത്തിയ ചുരുളുകൾ പുരാതന വസ്തുക്കളാണോയെന്ന് പരിശോധിക്കുന്നുണ്ട്.
ആഗോള പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലായിരുന്ന ഹാഗിയ സോഫിയ മ്യൂസിയം 2020 ലാണ് മുസ്ലിം പള്ളിയായി അവരോധിക്കുന്നത്. 2020 ജൂലൈയിലാണ് ഹാഗിയ സോഫിയയെ മുസ്ലിം പള്ളിയാക്കി മാറ്റുന്നതായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ പ്രഖ്യാപിച്ചത്. 916 വർഷക്കാലം ക്രിസ്ത്യൻ ആരാധനാലയമായിരുന്നു ഹാഗിയ സോഫിയ. 1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കിയപ്പോൾ ഹാഗിയ സോഫിയയെ മുസ്‌ലിം പള്ളി ആക്കി മാറ്റുകയായിരുന്നു. പിന്നീട് ആധുനിക തുര്‍ക്കി സ്ഥാപിതമായതിനു ശേഷം 1934 ലാണ് പള്ളി മ്യൂസിയമാക്കി മാറ്റിയത്. ഹാഗിയ സോഫിയയെ മുസ്ലിം പള്ളിയാക്കിയതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഇപ്പോഴും വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്.
Post Your Comments