മുംബയ്: ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായി നിയോഗിച്ച ‘ഇന്റേണല്‍ വര്‍ക്കിംഗ് ഗ്രൂപ്പ്” സമര്‍പ്പിച്ച 33 നിര്‍ദേശങ്ങളില്‍ റിസര്‍വ് ബാങ്ക് അംഗീകരിച്ചത് 21 എണ്ണം മാത്രം. അതിലും ഭേദഗതികള്‍ നിര്‍ദേശിച്ചുകൊണ്ടാണ് അവ അംഗീകരിച്ചത്.
വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ബാങ്കുകളുടെ പ്രമോട്ടര്‍മാരാകാനുള്ള അനുമതിയും ബാങ്കിംഗ് ലൈസന്‍സും നല്‍കണമെന്ന ശുപാര്‍ശ റിസര്‍വ് ബാങ്ക് തള്ളി. ഈ നിര്‍ദേശം ‘വിഡ്ഢിത്തമാണെന്ന്’ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും വിമര്‍ശിച്ചിരുന്നു.
വലിയ എന്‍.ബി.എഫ്.സികളെ നിയന്ത്രിക്കുന്ന ടാറ്റാ ഗ്രൂപ്പിനും ആദിത്യ ബിര്‍ള ഗ്രൂപ്പിനും തിരിച്ചടിയാണ് റിസര്‍വ് ബാങ്കിന്റെ നടപടി.
ബാങ്കുകളില്‍ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം നിലവിലെ 15 ശതമാനത്തില്‍ നിന്ന് 15 വര്‍ഷത്തിനകം 26 ശതമാനത്തിലേക്ക് ഉയര്‍ത്താമെന്ന നിര്‍ദേശം അംഗീകരിച്ചു. പുതിയ ലൈസന്‍സിനായി ₹1,000 കോടി വേണമെന്നാണ് പുതിയ നിയമം.
യൂണിവേഴ്സല്‍ (സമ്പൂര്‍ണ) ബാങ്ക് ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ ആവശ്യമായ പ്രാരംഭ മൂലധന പരിധി 500 കോടി രൂപയില്‍ നിന്ന് 1,000 കോടി രൂപയായി ഉയര്‍ത്തും. സ്മാള്‍ ഫിനാന്‍സ് ബാങ്കുകളുടേതിന് 200 കോടി രൂപയില്‍ നിന്ന് 300 കോടി രൂപയുമാക്കും. അതേസമയം റിസർവ് ബാങ്കിന്റെ പുതിയ നിർദ്ദേശം കോട്ടക് മഹീന്ദ്ര ബാങ്കിന്റെ നിയന്ത്രണാധികാരം നിലനിറുത്താന്‍ ഉദയ് കോട്ടക്കിന് സഹായകമായ ശുപാര്‍ശയാണിത്.
നിലവില്‍ പങ്കാളിത്തം 26 ശതമാനത്തിന് താഴെയായി കുറച്ചവര്‍ക്ക് നിര്‍ദേശം ബാധകമല്ല. നോണ്‍-പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 10ല്‍ നിന്ന് 15 ശതമാനമാക്കണമെന്ന ശുപാര്‍ശ തള്ളി. വോട്ടിംഗ് അവകാശത്തിന് മിനിമം അഞ്ചു ശതമാനം ഓഹരി പങ്കാളിത്തമെന്ന നിബന്ധന തുടരും. പേമെന്റ് ബാങ്കുകള്‍ക്ക് അഞ്ചുവര്‍ഷത്തിന് ശേഷമേ സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലൈസന്‍സ് അനുവദിക്കൂ. റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ഡയറക്‌ടര്‍ ബോര്‍ഡംഗം പ്രസന്ന കുമാര്‍ മൊഹന്തി അദ്ധ്യക്ഷനായ സമിതി നവംബര്‍ 20നാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.
Post Your Comments