ആലുവ : മകളെ സുഹൈലിന്റെ വീട്ടുകാർ മാനസിക രോഗിയാക്കിയാണ് ചിത്രീകരിച്ചിരുന്നതെന്ന് ആലുവയില്‍ ജീവനൊടുക്കിയ മോഫിയയുടെ അമ്മ ഫാരിസ. മുത്തലാഖ് നിരോധിച്ചിട്ടും തന്റെ മകള്‍ക്ക് 2500 രൂപ വിലയിട്ട് സുഹൈല്‍ മുത്തലാഖ് ചൊല്ലിയെന്നും അമ്മ ഫാരിസ പറഞ്ഞു.
ഒരുപാട് സ്വപ്നങ്ങളുള്ള വളരെ ബോള്‍ഡ് ആയിട്ടുള്ള പെൺകുട്ടിയായിരുന്നു മോഫിയ. നീതികിട്ടുമെന്ന് കരുതിയാണ് അവള്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോയത്. എന്നാൽ, ഡി.വൈ.എഫ്.ഐ നേതാവിനെയും കൂട്ടിയാണ് സുഹൈല്‍ അന്ന് സ്‌റ്റേഷനിലെത്തിയത്. അതാരാണെന്ന് അവള്‍ക്കറിയില്ലായിരുന്നു എന്നും അമ്മ ഫാരിസ പറഞ്ഞു. മോഫിയയെ അവര്‍ മാനസിക രോഗിയാക്കിയാണ് ചിത്രീകരിച്ചിരുന്നത്. മാനസിക രോഗിയാണെന്ന് അവര്‍ നിരന്തരം പറഞ്ഞപ്പോള്‍ മകളെ ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ പറഞ്ഞത് ഭര്‍ത്താവിനാണ് കൗണ്‍സിലിങ്ങ് നല്‍കേണ്ടതെന്നും അവളെ അവന്റെ കൂടെ വിടരുതെന്നും പറഞ്ഞതായി അമ്മ ഫാരിസ പറഞ്ഞു.
എന്നാൽ, എല്ലാം നല്ല രീതിയില്‍ വരുമെന്നാണ് കരുതിയിരുന്നത്. പക്ഷെ മുത്തലാഖ് ചൊല്ലിയതോടെ അവള്‍ തളര്‍ന്നുപോയി. മൂന്നു മാസത്തിനകം അവന്‍ വേറെ വിവാഹം കഴിക്കുമെന്നും പറഞ്ഞു. ഇതോടെ മകള്‍ അവന്റെ കാല് പിടിച്ച് ഉപേക്ഷിക്കരുതെയെന്ന് അപേക്ഷിച്ചെന്നും ഫാരിസ പറഞ്ഞു. തന്റെ മകളെമരണത്തിലേക്ക് തള്ളിവിട്ട സി.ഐയെ സ്ഥലം മാറ്റിയത് കൊണ്ടും സസ്‌പെന്റ് ചെയ്തതുകൊണ്ടും കാര്യമില്ല. സി.ഐ ഇപ്പോഴും ജോലിയില്‍ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്നും ഫാരിസ പറഞ്ഞു.
Post Your Comments