KeralaLatest NewsNews

കുടുംബശ്രീയുടെ മുറ്റത്തെ മുല്ല പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: കൊള്ളപ്പലിശയെടുത്ത് ജീവിതം കടക്കെണിയിലായ കുടുംബങ്ങളെ രക്ഷിക്കാനായി ആവിഷ്‌കരിച്ച ‘മുറ്റത്തെ മുല്ല’ പദ്ധതി എല്ലാ ജില്ലകളിലും ശക്തിപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സഹകരണമേഖലയുമായി കൈകോർത്ത് കൂടുതൽ സ്ത്രീകൾക്ക് ആശ്വാസമേകുന്ന നിലയിൽ പദ്ധതിയെ വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി താലിബാന്‍

‘നിർധനരായ കുടുംബങ്ങളെ വട്ടിപ്പലിശക്കാർ പിഴിയുന്ന വ്യവസ്ഥ ഇല്ലാതാക്കാൻ വീടുകളിലേക്കെത്തി ലളിതമായ നടപടി ക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞപലിശയ്ക്ക് ലഘുവായ്പ നൽകുകയും ആഴ്ചതോറുമുളള തിരിച്ചടവിലൂടെ ഗുണഭോക്താക്കളിൽ നിന്നും വായ്പാ തുക ഈടാക്കുകയും ചെയ്യുന്ന പദ്ധതിയാണ് മുറ്റത്തെ മുല്ല. സമൂഹത്തിന്റെ താഴെ തട്ടിലുള്ള കൂലിവേലക്കാർ, ചെറുകിട കച്ചവടക്കാർ, നിർദ്ധന കുടുംബങ്ങൾ തുടങ്ങിയവർ അമിത പലിശ ഈടാക്കുന്ന വായ്പകളിൽ കുരുങ്ങുന്നത് ഒഴിവാക്കാനാണ് സർക്കാർ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. മുറ്റത്തെ മുല്ലയിലൂടെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും സാധിക്കുന്നുണ്ടെന്ന്’ മന്ത്രി വ്യക്തമാക്കി.

‘പാലക്കാട് ജില്ലയിലാണ് 2018 ൽ പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ ജില്ലാമിഷനും ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളും പദ്ധതിയുമായി സഹകരിച്ചു. തുടർന്നാണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചത്. നടപ്പു സാമ്പത്തിക വർഷം 535.65 കോടി രൂപയുടെ വായ്പയാണ് സഹകരണ ബാങ്കുകൾ വഴി അയൽക്കൂട്ടങ്ങൾക്ക് നൽകിയത്. 39,195 കുടുംബങ്ങൾക്ക് ഇതിലൂടെ സഹായം ലഭിച്ചു. 586 സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ, 456 സി ഡി എസുകളിലൂടെ, 2,386 അയൽക്കൂട്ടങ്ങളാണ് മുറ്റത്തെ മുല്ല പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കടക്കെണിയിൽപ്പെട്ട കുടുംബങ്ങളെ കണ്ടെത്തുന്നതിനായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ മണിലെൻഡേഴ്‌സ് സർവേ സംഘടിപ്പിച്ചുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. സ്വകാര്യ മൈക്രോഫിനാൻസുകാർ 35 ശതമാനത്തിൽ കൂടുതൽ പലിശ ഈടാക്കുമ്പോൾ, കുടുംബശ്രീ കുറഞ്ഞ പലിശ നിരക്കിൽ ഒരാൾക്ക് 1,000 മുതൽ 50,000 രൂപ വരെ 52 ആഴ്ച കാലാവധിയിലാണ് വായ്പ നൽകുന്നതെന്ന്’ മന്ത്രി വിശദീകരിച്ചു.

‘ചില ജില്ലകളിൽ സഹകരണ ബാങ്കുകളുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നതിൽ വേണ്ടത്ര മുന്നേറ്റമുണ്ടായിട്ടില്ല. വരും നാളുകളിൽ ആ കുറവ് പരിഹരിക്കുന്നതിനായി ഇടപെടുമെന്നും പദ്ധതിയിലേക്കുള്ള അയൽക്കൂട്ടങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും പണവും സ്വർണ്ണവും മോഷ്ടിച്ചു: കുവൈത്തിൽ ഇന്ത്യക്കാരിക്കെതിരെ പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button