തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ നിധിയിൽ പ്രവാസികൾക്ക് അംഗത്വം എടുത്തു നൽകാം എന്ന വ്യാജ പ്രചാരണവുമായി പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി കേരള പ്രാവാസി കേരളീയ ക്ഷേമ ബോർഡ്. ക്ഷേമ നിധിയിൽ അർഹരായ പ്രവാസി കേരളീയർക്ക് ഓൺലൈനായി അംഗത്വമെടുക്കുന്നതിനുള്ള സൂരക്ഷിതമായ എല്ലാ സൗകര്യങ്ങളും കേരള പ്രവാസി ക്ഷേമ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.pravasikerala.org മുഖേന ഒരുക്കിയിട്ടുണ്ട്. ഓഫ്‌ലൈൻ ആയി അംഗത്വ അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം നിലനിർത്തിയിട്ടുണ്ടെന്ന് ബോർഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അംഗത്വത്തിനായുള്ള രജിസ്ട്രേഷൻ ഫീസ് 200 രൂപ മാത്രമാണ്. ഒമാനിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ മണി എക്സ്ചേഞ്ച്, മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി ലിമിറ്റഡ്, (കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം ക്ലിപ്തം നമ്പർ: 4455, മലപ്പുറം) എന്നീ സ്ഥാപനങ്ങൾ മാത്രമാണ് അർഹതയുള്ളവർക്ക് പ്രവാസി ക്ഷേമനിധി അംഗത്വം ബോർഡിന്റെ ഓൺലൈൻ സംവിധാനം വഴി നൽകാൻ അധികാരപ്പെടുത്തിയിട്ടുള്ള അംഗീകൃത സ്ഥാപനങ്ങൾ. എന്നാൽ ക്ഷേമ നിധി അംഗത്വം എടുത്തുനൽകാമെന്ന പരസ്യപ്രചാരണം നടത്തി ചില തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾ വഴി പ്രാവാസികളിൽ നിന്നും വൻതുക ഈടാക്കുന്നതായി ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഓൺലൈനായി അംഗത്വം എടുക്കുന്നതിന് 200 രൂപ മാത്രമാണ് രജിസ്ട്രേഷൻ ഫീസായി നൽകേണ്ടത്. യാതൊരുവിധ അധികതുകയും നൽകേണ്ടതില്ല. തട്ടിപ്പിനിരയാകാതെ സൂരക്ഷിതമായി അംഗത്വം എടുക്കുന്നതിനായി ഒ.ടി.പി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു വഴി അർഹതയുള്ള ഓരോ പ്രവാസി കേരളീയനും തങ്ങളുടെ യൂസർ ഐ.ഡിയും പാസ്വേഡും ലഭ്യമാക്കിയ ശേഷം സുരക്ഷിതമായി, ചൂഷണത്തിന് വിധേയമാകാതെ അംഗത്വമെടുക്കുന്നതിനും മറ്റ് അടവുകൾ നടത്തുന്നതിനും കഴിയും. നിലവിലുള്ള അംഗങ്ങൾക്ക് തങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത് പാസ്വേർഡ് സംവിധാനമുപയോഗിച്ച് ലോഗിൻ നടത്താം.
സോഫ്റ്റ് വെയർ സംബന്ധമായ സംശയങ്ങൾക്കും സഹായത്തിനുമായി 8547902515, 0471-2785500, 502 എന്ന ഹെല്പ്പ് ലൈൻ നമ്പറുകൾ ഉപയോഗപ്പെടുത്താം. ക്ഷേമനിധി അംഗത്വത്തിനായി അധികതുക ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പ് തടയുന്നതിനും ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും പോലീസിൽ പരാതി നല്കിയിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.
Post Your Comments