അബുദാബി: യുഎഇയുടെ 50-ാമത് ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാനനുമതി കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് മാത്രം. 80 ശതമാനം ശേഷിയുള്ള വാക്സിനേഷൻ എടുത്ത ആളുകളെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. ആഘോഷ ചടങ്ങുകളോടനുബന്ധിച്ച് കോവിഡ് പ്രോട്ടോകോളും പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സമിതിയാണ് കോവിഡ് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചത്.
കോവിഡിനെ നേരിടാനും അതിന്റെ വെല്ലുവിളികളെയും പ്രത്യാഘാതങ്ങളെയും അതിജീവിക്കാനും പദ്ധതികൾ ആവിഷ്‌കരിച്ചതായി എൻസിഇഎംഎയുടെ ഔദ്യോഗിക വക്താവ് ഡോ. താഹെർ അൽ അമേരി പറഞ്ഞു. സുരക്ഷിതമായ ആഘോഷം എന്ന ആശയത്തിന്റെ പ്രാധാന്യവും ആരോഗ്യ പ്രോട്ടോക്കോളുകളും പ്രതിരോധ നിർദേശങ്ങളും പാലിച്ചുകൊണ്ട് സ്വയം ഉത്തരവാദിത്തമായി കാണണമെന്ന് അദ്ദേഹം അഭ്യർത്ഥന നടത്തി.
ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ജനങ്ങൾ കോവിഡ് മുൻകരുതൽ നടപടികൾ കർശനമായി പാലിക്കാണമെന്നും മാസ്‌ക് കൃത്മായി ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുള്ള കോവിഡ് പ്രോട്ടോകോളുകൾ
* 96 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ പരിശോധനാ ഫലം പരിപാടികളിലും ഒത്തുചേരലുകളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹാജരാക്കണം.
* മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോൾ മാസ്‌ക് ധരിക്കണം.
* പങ്കെടുക്കുന്നവർ 1.5 മീറ്റർ ശാരീരിക അകലം പാലിക്കണം. എന്നാൽ കുടുംബത്തിന് ഒന്നിച്ചിരിക്കാൻ അനുവാദമുണ്ട്.
* എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് പരിപാടിയിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. എന്നാൽ, അവർ 14 ദിവസം മുൻപെങ്കിലും വാക്‌സീൻ ലഭിച്ചവരായിരിക്കണം. അല്ലെങ്കിൽ, ഒരു ബൂസ്റ്റർ ഷോട്ട് ലഭിച്ചിട്ടുണ്ടായിരിക്കണം. അവരുടെ അൽ ഹൊസ്ൻ ആപ്പിൽ ഗ്രീൻ-പാസ് സ്റ്റാറ്റസ് ഉണ്ടായാലും മതി.
Post Your Comments