മുംബയ്: സാമൂഹികമാധ്യമത്തിലെ ഖാലിസ്ഥാൻ പരാമർശത്തെ തുടർന്ന് ബോളീവുഡ് താരം കങ്കണ റണാവത്തിനെതിരെ മുംബയ് പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുള്ള ഐപിസി 295 എ വകുപ്പ് പ്രകാരമാണ് മുംബയിലെ സബര്‍ബന്‍ഘര്‍ പോലീസ് സ്‌റ്റേഷനിൽ കങ്കണയുടെ പേരില്‍ എഫ്ഐആര്‍ രജിസ്ടര്‍ ചെയ്തിരിക്കുന്നത്. സിഖ് മതവിഭാഗക്കാര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സിഖ് ഗുരുദ്വാര കമ്മറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ്കേസെടുത്തത്.
കങ്കണ സാമൂഹികമാധ്യമത്തില്‍ ഇട്ട പോസ്റ്റ് സിഖ് സമൂഹത്തെ മനപ്പൂര്‍വം അവഹേളിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് സിഖ് ഗുരുദ്വാര കമ്മറ്റിക്ക് വേണ്ടി പരാതി നല്‍കിയ അമര്‍ജീത്ത് സിങ് സിദ്ദു ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിഖ് ഗുരുദ്വാര കമ്മറ്റി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ കണ്ടിരുന്നു.
‘ഖലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു സ്ത്രീയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. രാജ്യത്തിന് എത്രയധികം ദുരിതം സമ്മാനിച്ച വ്യക്തിയാണെങ്കിലും അവര്‍ ഖലിസ്ഥാനികളെ കൊതുകുകളെപ്പോലെ ചവിട്ടിയരച്ചു. സ്വന്തം ജീവന്‍തന്നെ അതിന് വിലയായി നല്‍കേണ്ടിവന്നുവെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത് ‘ എന്നായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന.
Post Your Comments