ആലപ്പുഴ: ഗുണ്ടസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. നഗരത്തിൽ സ്ഫോടക വസ്തു പൊട്ടി മരിച്ച അരുൺകുമാറിന്റെ സുഹൃത്ത് ചേർത്തല പട്ടണക്കാട് വെളുത്തേടത്ത് വെളിയിൽ സുജിത്തിനെയാണ് (വെളുമ്പൻ -39) പൊലീസ് അറസ്റ്റ് ചെയ്തത്. നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഒരാൾ കൂടി പിടിയിലാകാനുണ്ട്. വ്യാഴാഴ്ച വൈകീട്ട് 7.30ന് സ്ഫോടകവസ്തു പൊട്ടി ആലപ്പുഴ തോണ്ടൻകുളങ്ങര കിളിയംപറമ്പ് അരുൺകുമാർ (ലേ കണ്ണൻ -26) മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കണ്ണന്റെ സംഘത്തിൽപെട്ടവർ കുടുങ്ങിയത്. ആലിശ്ശേരി തങ്ങൾവക പുരയിടം നഫ്സൽ (38), ഓമനപ്പുഴ ചിറപറമ്പിൽ മിറാഷ് (28), ആലപ്പുഴ സനാതനപുരം ടോം റാഫേൽ (25) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
Read Also : തെരുവ് കച്ചവടക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി
സ്ഫോടകവസ്തു കണ്ണന്റെ ശരീരത്തിൽ തോർത്തിൽ കെട്ടിയ നിലയിലായിരുന്നു. ബൈക്ക് മറിഞ്ഞപ്പോൾ ഇത് പൊട്ടിത്തെറിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധയിലൂടെ മാത്രമേ കണ്ണൻ മരിച്ചത് എങ്ങനെയാണെന്ന് വ്യക്തമാകൂ. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും പരിശോധിച്ചശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
നോർത്ത് എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments