Latest NewsKerala

വിജയ് പി. നായരുടെ വീഡിയോയിലെ അശ്ലീലഭാഷണം സമൂഹത്തിന് എന്ത് നൽകിയോ അത് തന്നെയാണ് ചുരുളിയും നൽകുന്നത്: അഞ്ജു പാർവതി

ക്ലാസ്സിൽ പച്ചത്തെറി പറയുന്ന ഒരു വിദ്യാർത്ഥിയെ നോക്കി കീപ്പ് ഇറ്റ് അപ്പ് എന്നു പറഞ്ഞ് തോളിൽ തട്ടി അഭിനന്ദിക്കാൻ ഒരദ്ധ്യാപകന് കഴിയുമോ ?

തിരുവനന്തപുരം: ചുരുളി സിനിമയ്‌ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. സിനിമയിലെ അസഭ്യ വാക്കുകൾക്കെതിരെയാണ് വിമർശനം. അസഭ്യവാക്കുകൾക്കെതിരെ സാംസ്‌കാരിക നായകരോ അല്ലെങ്കിൽ ഫെമിനിസ്റ്റുകളോ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇത് ചൂണ്ടിക്കാട്ടി എഴുത്തുകാരി അഞ്ജു പാർവതി രൂക്ഷ വിമർശനമാണ് നടത്തിയിരിക്കുന്നത്.

അഞ്ജുവിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

ബ്ലോഗർ ചെയ്തപ്പോൾ മാത്രം ആഭാസം !

ജിജോ ജോസ് ചെയ്തപ്പോളത് കൊലമാസ് !

സമൂഹത്തിന്‌ ഹിതമല്ലാത്തത്‌ ചെയ്യുന്നതല്ല ആവിഷ്കാര സ്വാതന്ത്ര്യം. എന്തെല്ലാം പരസ്യമാക്കണം, എന്തെല്ലാം രഹസ്യമാക്കണമെന്നും ഏതൊക്കെ പരസ്യമായി ചെയ്യരുതെന്നും പറയരുതെന്നും സമൂഹം ചില നിര്‍ദ്ദേശങ്ങളും വിലക്കുകളും കല്‍പ്പിച്ചിട്ടുണ്ട്‌. ഇതൊന്നും നിയമസംഹിതയിലുൾപ്പെട്ടതല്ല.സമൂഹത്തിന്റെ നേരായവഴിക്കുള്ള സഞ്ചാരത്തിന്‌ ആവശ്യമായതിനാല്‍ സമൂഹം തന്നെ സ്വയം പാലിച്ചു പോരുന്ന കാര്യങ്ങളാണ്‌ ഇവ. പറഞ്ഞു വന്നത് സിനിമയെന്ന പേരിൽ പടച്ചു വിട്ട അശ്ലീല കലാസൃഷ്ടിയായ ചുരുളിയെ കുറിച്ച് തന്നെയാണ്.

ആവിഷ്കാരസ്വാതന്ത്ര്യമെന്ന പേരിൽ എന്തും തുറന്നു കാണിക്കാനും പരസ്യപ്പെടുത്താനും തുടങ്ങിയാല്‍ പിന്നെ ധാര്‍മ്മിതയ്‌ക്ക്‌ എന്ത്‌ പ്രസക്തിയാണുള്ളത്? ചുരുളിയെന്ന സിനിമയിലെ തെറി വിളിയെ പാലത്തിനപ്പുറമുളള ക്രിമിനലുകളുടെ പച്ചയായ ജീവിത ആവിഷ്കാരമായും തെറി വിളിക്കാത്ത മാനവർ ഭൂമിയിലുണ്ടോ എന്ന തീർത്തും നിഷ്കു നരേഷൻസുമായി സമീപിക്കുന്ന ഒരു പാട് പേരെ കണ്ടു. അവരോട് ഒന്ന് ചോദിക്കട്ടെ കിടപ്പറയിൽ എന്താണ് സംഭവിക്കുന്നതെന്ന് വീട്ടിലെ എല്ലാവർക്കുമറിയാം. വീട്ടിലെ 18 പ്ലസ് കഴിഞ്ഞ മക്കൾക്ക് കിടപ്പറയിൽ അച്ഛനുമമ്മയും ചെയ്യുന്നതെന്തെന്ന് അറിയാമെങ്കിലും അത് തങ്ങൾക്ക് കാണരുതാത്തതാണെന്ന് അറിയാവുന്നത് നമ്മൾ മക്കൾക്ക് ആ രീതിയിലുള്ള കണ്ടിഷനിംഗ് നല്കി വളർത്തിയതിനാലാണ്.

നമ്മുടെ സമൂഹം ആ രീതിയിൽ സോഷ്യൽ കണ്ടിഷനിംഗ് നടത്തിയിട്ടുള്ളതിനാലാണ് പൊതുനിരത്തിൽ വച്ചോ പബ്ലിക് സ്പേസിൽ വച്ചോ ആരും സെക്സ് ചെയ്യാതിരിക്കുന്നതും. സമൂഹത്തിന്റെ സുഗമമായ ഒഴുക്കിനുവേണ്ടി കാലങ്ങളായി നമ്മൾ പാലിച്ചുപ്പോകുന്ന ചില അരുതുകളും വിലക്കുകളുമുണ്ട്. സമൂഹം നിലനിര്‍ത്തിപ്പോരുന്ന ഇത്തരം സദാചാര വിലക്കുകളാണ്‌ സമാധാനത്തിന്‌ കാവലായി മാറുന്നത്‌. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലായാലും കാണിക്കരുതാത്തത്‌ കാണിക്കാതിരിക്കുകയും പറയാന്‍ പാടില്ലാത്തത്‌ പറയാതിരിക്കുകയും ചെയ്യുന്നതാണ്‌ സമൂഹത്തിന്റെ സമാധാന നടപ്പിന്‌ നല്ലത്‌.അത്തരം വിലക്കുകൾ നമ്മൾ പാലിച്ചുപ്പോകുന്നതുക്കൊണ്ടാണ് മനുഷ്യൻ മൃഗങ്ങളിൽ നിന്നും വിഭിന്നനാകുന്നതും അവനെ സാമൂഹ്യജീവിയായി വിലയിരുത്തുന്നതും.

ജീവിതത്തിൽ ഒരിക്കലെങ്കിലും തെറി വിളിക്കാത്തവരോ കേൾക്കാത്തവരോ ഉണ്ടാവില്ലെന്നത് സത്യമാണ്. എന്നു കരുതി തെറി വിളിക്കുകയെന്നത് സ്വഭാവികമായ ഒരു സ്വഭാവവിശേഷമാണെന്നും അതിനാൽ അത് തിരുത്തപ്പെടേണ്ട ഒന്നല്ലായെന്നും നമ്മൾ മക്കളോടും നമുക്കിളയവരോടും പറഞ്ഞുകൊടുക്കുമോ ? ക്ലാസ്സിൽ പച്ചത്തെറി പറയുന്ന ഒരു വിദ്യാർത്ഥിയെ നോക്കി കീപ്പ് ഇറ്റ് അപ്പ് എന്നു പറഞ്ഞ് തോളിൽ തട്ടി അഭിനന്ദിക്കാൻ ഒരദ്ധ്യാപകന് കഴിയുമോ ? നിത്യജീവിതത്തിൽ എല്ലാ ദിവസവും തെറിപ്പാട്ട് മാത്രം പറയുന്ന ഒരുവനെ സംസ്കാരസമ്പന്നനായി അംഗീകരിക്കുവാൻ നമുക്ക് കഴിയുമോ ?

ഇനി ചുരുളിയെന്ന പടപ്പിനെ കുറിച്ചുളള ഒരു സാധാരണ പ്രേക്ഷകന്റെ വിലയിരുത്തൽ ഒരു പിണ്ണാക്കും മനസ്സിലാവാത്ത ഒരു കൃതറ സിനിമയെന്നാണെങ്കിൽ അതിനെ വിമർശിക്കാൻ ലിജോ ഫാൻസിന് എന്തധികാരം? എല്ലാ കാക്കയ്ക്കും തന്‍കുഞ്ഞ് ഇരുപത്തിനാലു കാരറ്റ് തനിതങ്കം തന്നെയാണ്. പക്ഷേ കണ്ടു നിൽക്കുന്ന വേറൊരാൾക്ക് അതങ്ങനെയാവണമെന്നുണ്ടോ ? അല്ലയോ കാക്കയേ താങ്കളുടെ കാക പൈതൽ ബ്ലാക്ക് എന്ന് പറഞ്ഞാൽ കാ കാ വിളിച്ച് കാക്കപ്പറ്റം കൂട്ടം കൂടി കൊത്താൻ വന്നാൽ ആ ബ്ലാക്ക് കളർ മാറി വൈറ്റായി മാറുമോ കാക്കക്കുട്ടി ? ഇല്ലല്ലോ! ഒരു സിനിമ നമുക്ക് ആസ്വദിക്കാൻ പറ്റിയില്ലെങ്കിൽ കൊള്ളില്ല എന്ന് തന്നെയല്ലേ പറയേണ്ടത് ? അല്ലാതെ മഹാനായ കലാകാരന്റെ മഹത്തായ സൃഷ്ടിയെന്നു വെറുതെ നടിച്ച് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തതിനെ റഫ് ആൻഡ് ടഫ് ക്ലാസിക് എന്നു അവരോധിക്കാൻ പറ്റുമോ ? A സർട്ടിഫിക്കറ്റ് ഉള്ള എത്രയോ ഹൊറർ സിനിമകൾ നമ്മൾ കുടുംബത്തോടെ ( കുട്ടികളെ കൂട്ടുന്നില്ല) കാണാറുണ്ട്. ആ ഈസിനെസ്സോടെ ഈ തെറി പടം കാണാൻ ( ഓരോ സംഭാഷണത്തിലും കയും പൂയും മായും മാത്രം ) കുടുംബത്തോടെ കഴിയുമോ ?

ഒരു സിനിമ ചവർ എന്നു പറയാനും ക്ലാസ്സ് എന്നു പറയാനും ഫിലിം മേക്കിംഗിന്റെയോ സിനിമാട്ടോഗ്രഫിയുടെയോ ബിരുദമോ സർട്ടിഫിക്കറ്റോ ഒന്നും ഒരു സാധാരണ പ്രേക്ഷകന് വേണ്ട. അവന്റെ രണ്ടര മണിക്കൂർ എന്ന വിലപ്പെട്ട സമയത്തെ entertain ചെയ്യിക്കാനുള്ള സ്റ്റഫ് ഉണ്ടായിരുന്നാൽ മതി. ഒരു സിനിമയുടെ പോസിറ്റീവ് സൈഡും നെഗറ്റീവ് സൈഡും മനസ്സിലാക്കാൻ അക്കിറോ കുറസോവയോ ബർഗ്മാനോ ആവണമെന്നില്ല. മിനിമം വകതിരിവുള്ള സാധാരണ പ്രേക്ഷകനായാൽ മതി. ആ വകതിരിവ് സാധാരണക്കാർക്ക് ഉള്ളതുകൊണ്ടാണ് പോൺ സിനിമയെന്തെന്നും കലാമൂല്യമുള്ള സിനിമയെന്തെന്നും തിരിച്ചറിയാൻ നമുക്കാവുന്നത്. അതുകൊണ്ടാണ് തികച്ചും ജൈവികമായ പ്രക്രിയ സ്ക്രീനിൽ പകർന്നാടുന്ന സണ്ണി ലിയോണിന്റെയും മിയയുടെയുമൊക്കെ സിനിമ 18 പ്ലസ് ഉള്ളവർ മാത്രമുള്ള വീട്ടിലാണെങ്കിൽ പോലും കുടുംബത്തോടെ കാണാൻ ഇരിക്കാത്തത് .

കളക്ടർ ബ്രോയുടെ ഓ യാ കമന്റും ഹൈബി ഈഡന്റെ ഭാര്യയുടെ റേപ്പ് ജോക്കും പണിക്കരുടെ സാർഡ് വിച്ച് പരാമർശവുമൊക്കെ ഇവിടെ സാംസ്കാരിക കേരളത്തിലെ പുരോഗമന സിങ്കങ്ങളുടെയും ഫെമിനിച്ചികളുടെയും ഉറക്കം കെടുത്തിയ മ്ലേച്ഛ പദങ്ങളായിരുന്നുവെങ്കിൽ മീശ ഹരീഷ് :തിരക്കഥയെഴുതി ലിജോ ജോസ് സംവിധാനം ചെയ്ത ചുരുളി വക ചെമ്പൻ – ജോജു – ജാഫർ ഇടുക്കി – വിനയ് ഫോർട്ട് തുടങ്ങിയ പ്രബുദ്ധ നടന്മാരുടെ നാവിൽ നിന്നും അനർഗനിർഗളമൊഴുകിയ കു- പൂ – അ- മ കാര- വിസർഗ്ഗമൊക്കെ പ്രബുദ്ധകേരളം അടയാളപ്പെടുത്തിയ പുരോഗമന പദ സമ്പത്താണത്രേ .

ആ പദസമ്പത്തിനു മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നതാണത്രേ നവോത്ഥാനം പഠിപ്പിച്ച പുതിയ പുരോഗമനം! സ്വന്തമായി കലാസൃഷ്ടി നടത്തിയ ആ ബ്ലോഗർ വിജയ് പി നായരെ തല്ലിയ സ്ത്രീ സിംഹിണികളൊക്കെ കൂടും കുടുക്കയുമെടുത്ത് കാശിക്ക് പോയിയെന്ന് കരുതുന്നു. വിജയ് പി. നായരെന്ന ഞരമ്പന്റെ ചാനലിൽ വന്ന വീഡിയോയിലെ അശ്ലീലഭാഷണം സമൂഹത്തിന് എന്ത് നല്കിയോ അത് തന്നെയാണ് ചുരുളിയും നല്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button