റാഞ്ചി: ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വെന്റി 20 മത്സരത്തിലും ഇന്ത്യക്ക് വിജയം. 7 വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലാൻഡിനെ തകർത്തത്. കിവീസ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.
Also Read:ശബരിമലയ്ക്ക് പോകുന്ന ഭക്തര്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങള്‍
ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര (2-0) ഇന്ത്യ സ്വന്തമാക്കി. ഓപ്പണിങ് വിക്കറ്റില്‍ 117 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ കെ.എല്‍.രാഹുലും നായകന്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ബൗളർമാരും നന്നായി പന്തെറിഞ്ഞു.
49 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 65 റണ്‍സെടുത്ത രാഹുലും 36 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 55 റണ്‍സെടുത്ത രോഹിത്തും ന്യൂസിലാൻഡ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഋഷഭ് പന്തും വെങ്കടേഷും 12 റണ്‍സ് വീതമെടുത്ത് പുറത്താവാതെ നിന്നു. കിവീസിനായി സൗത്തി നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ന്യൂസിലാൻഡിന് വേണ്ടി 15 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ മാർട്ടിൻ ഗപ്ടിൽ 31 റണ്‍സെടുത്തു. ചാപ്മാൻ 17 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്തു. 21 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ ഫിലിപ്സ് 34 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരം കളിച്ച ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടു നല്‍കി രണ്ട് വിക്കറ്റെടുത്തു. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
Post Your Comments