തിരുവനന്തപുരം: മാരകായുധവുമായി വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ആറ്റിപ്ര മുക്കോലക്കൽ കുറ്റിവിളാകത്ത് വീട്ടിൽ മുഹമ്മദ് ഹാഷിമാണ് (32) പിടിയിലായത്. കഴക്കൂട്ടം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 11 നായിരുന്നു കേസിനാസ്പദമായ സംഭവം. കഴക്കൂട്ടം നാലുമുക്കിലെ റംലാബീവിയുടെ വീട്ടിൽ ആണ് യുവാവ് അതിക്രമിച്ചു കയറി ആക്രമിച്ചത്. പ്രതി അവരുടെ തല ഭിത്തിയിൽ ഇടിച്ച് പരിക്കേൽപിക്കുകയും വാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Read Also : പമ്പ ഡാം തുറന്നു : ജാഗ്രത പാലിക്കാൻ നിർദ്ദേശം
തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ഭർത്താവിനെയും പ്രതി മർദ്ദിച്ചു. കൂടാതെ വീട്ടിലെ ജനൽ ചില്ലുകളും സ്കൂട്ടറും ബൈക്കും അടിച്ചു തകർക്കുകയും വീടിന് മുന്നിലെ കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. വീട്ടമ്മയുടെ മകനോട് പ്രതിക്കുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.
സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് പ്രതിയെ അന്വേഷിച്ചു വരവെ കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി സി.എസ്. ഹരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐമാരായ ജിനു, മിഥുൻ, സി.പി.ഒമാരായ സജാദ്ഖാൻ, ബിനു.എസ്, ബിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments