തായ്‌വാൻ: ചൈനയിലെ മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനു പിന്നാലെ ദുരൂഹ സാഹചര്യത്തിൽ ടെന്നിസ് താരം പെങ് ഷുവായിയെ കാണാതെയായി. താരത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കായികലോകം ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുകയാണ്. പെങ് ഷുവായിയെ കണ്ടെത്തുന്നതിനായി ശക്തമായ ക്യാമ്പയിനാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
ടെന്നിസ് താരങ്ങളായ നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക, കിം ക്ലൈസ്റ്റേഴ്സ്, കോകോ ഗാഫ്, സിമോണ ഹാലെപ്പ്, പെട്ര ക്വിറ്റോവ, ആൻഡി മറി, ഫുട്ബോൾ താരം ജെറാർഡ് പിക്വെ തുടങ്ങിയവരെല്ലാം പെങ് ഷുവായിയുടെ തിരോധാനത്തിന് പിന്നിലുള്ള സത്യാവസ്ഥ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ വിവാദം രാജ്യാന്തര തലത്തിൽ ചർച്ചയായിരിക്കെ സംഭവത്തെകുറിച്ച് ഒന്നുമറിയില്ലെന്നാണ് ചൈനയുടെ പ്രതികരണം.
അതേസമയം, പെങ് ഷുവായ് സുരക്ഷിതയാണെന്നും അധികം വൈകാതെ പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടുമെന്നും ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ഇൻ ചീഫ് ഹു ഷിൻജിൻ അവകാശപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിൾസ് ഡെയിലി പുറത്തിറക്കുന്ന പത്രമാണ് ‘ദ് ഗ്ലോബൽ ടൈംസ്’. പെങ് ഷുവായ് വീട്ടിലുണ്ടെന്ന കാര്യം താൻ സ്ഥിരീകരിച്ചതാണെന്നും ഷിൻജിൻ അവകാശപ്പെട്ടു.
Post Your Comments