തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. പച്ചക്കറിയുടെയും പലചരക്ക് സാധനങ്ങളുടെയും വിലയാണ് ഉയര്‍ന്നത്. വെണ്ടയ്ക്കയും ബീന്‍സും തക്കാളിയുമൊക്കെ നൂറിനടുത്താണ് കിലോയ്ക്ക് വില. സാധാരണ നിലയില്‍ 40-50 രൂപയ്ക്കിടയില്‍ നിന്നിരുന്ന വിലയാണ് നൂറിലേക്ക് എത്തുന്നത്. സവാള, അമരക്ക, പയര്‍ തുടങ്ങി എല്ലാ പച്ചക്കറികള്‍ക്കും വില വര്‍ധിച്ചു. കഴിഞ്ഞ 2 ആഴ്ചക്കിടെ 10 മുതല്‍ 20 ശതമാനം വരെ വിലവര്‍ധനയാണ് പച്ചക്കറിക്ക് മാത്രമുണ്ടായത്.
മൊത്ത വിപണിയിലെ വിലക്കയറ്റമാണ് ചില്ലറ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. 2 മാസം മുന്‍പ് 400 രൂപയുണ്ടായിരുന്ന ഒരു പെട്ടി തക്കാളിക്ക് 2000 രൂപയാണ് ഇന്നത്തെ വില. 26 കിലോയാണ് ഒരു പെട്ടിയില്‍ ഉണ്ടാകുക. 1500 രൂപയോളം ഒന്നര മാസത്തിനുളളില്‍ ഒരു പെട്ടി തക്കാളിക്ക് വില ഉയര്‍ന്നതായി ചില്ലറ വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്ടില്‍ നിന്ന് ഉള്‍പ്പെടെയുളള പച്ചക്കറി വരവ് കുറഞ്ഞതും തിരിച്ചടിയായി.
തമിഴ്നാട്ടിലെ കനത്ത മഴയാണ് പച്ചക്കറി വിപണിക്ക് തിരിച്ചടിയായതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍ അവശ്യവസ്തുക്കളുടെ വില ഉയര്‍ന്നിട്ടും വിപണിയില്‍ ഇടപെടാനോ വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
Post Your Comments