തിരുവനന്തപുരം: പൊന്നാനിയിലെ പലഹാരങ്ങളെ കുറിച്ച് പുകഴ്ത്തി പോസ്റ്റ് ഇട്ട തോമസ് ഐസക്കിന് പൊങ്കാലയുമായി സോഷ്യൽ മീഡിയ. പൊന്നാനിയിലെ പലഹാരങ്ങളെ കുറിച്ച് നൽകിയ വിശദീകരണത്തിൽ തോമസ് ഐസക്ക് പറഞ്ഞ ഒരു വാചകമാണ് വിമർശനത്തിന് കാരണമായത്. ‘പൊന്നാനി കടയിലെ പലഹാരങ്ങൾ ഏതെങ്കിലും ബേക്കറിയിൽ ഉണ്ടാക്കുന്നതല്ല. മുസ്ലീം തറവാടുകളിൽ അകത്തളങ്ങളിൽ ഒതുങ്ങി കൂടുന്ന സ്ത്രീകൾ ഉണ്ടാക്കുന്നതു തന്നെ’ എന്ന വാചകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി നിറയുന്നത്.
‘അപ്പൊ മുസ്ലിം സ്ത്രീകളെ മുയുവനും അകത്തളങ്ങളിൽ ഒതുക്കിയിരിക്കുവാണെന്നാണോ ശാസ്ത്രജ്ഞൻ പറയുന്നത്.’ എന്നാണ് പലരുടെയും ചോദ്യം. മറ്റൊരു കമന്റ്, ‘ആ അത് സത്യം….അകത്തളങ്ങളിൽ ഒതുങ്ങി കൂടുന്ന ആ മുസ്ലീം സ്ത്രീകൾക്ക് നവോത്ഥാനം വേണ്ടെ ഇച്ചായാ…. അതോ അവരുടെ അടുത്ത് നവോത്ഥാനം കൊണ്ട് ചെന്നാൽ ഉള്ള വോട്ട് പോവും എന്നുള്ള പെടികൊണ്ട് ആണോ ഈ മുറുക്കിനോട് ഇത്ര പ്രണയം’. എന്നാണ്.
പോസ്റ്റും കമന്റുകളും കാണാം:
പൊന്നാനിയിലെ പലഹാരക്കടയിൽ പോയിട്ടുണ്ടോ? പേര് തന്നെ 40 ഇന പലഹാരക്കടയെന്നാണ്. ഇതിനേക്കാൾ കൂടുതൽ ഇനം പലഹാരങ്ങൾ ഉള്ള കടകൾ പലതും ഉണ്ടാകും. പക്ഷേ പൊന്നാനി കടയിലെ പലഹാരങ്ങൾ ഏതെങ്കിലും ബേക്കറിയിൽ ഉണ്ടാക്കുന്നതല്ല. മുസ്ലീം തറവാടുകളിൽ അകത്തളങ്ങളിൽ ഒതുങ്ങി കൂടുന്ന സ്ത്രീകൾ ഉണ്ടാക്കുന്നതു തന്നെ. നല്ലൊരു പങ്ക് പൊന്നാനിയുടേയും മലപ്പുറത്തിന്‍റെയും തനത് സംഭാവനകളാണ്. പുയ്യാപ്ല സൽക്കാരവും പെരുന്നാളുകളും ഗൾഫിലേയ്ക്കു യാത്ര അയക്കലും തുടങ്ങിയ വിശേഷങ്ങൾക്കു മാത്രം ഉണ്ടാക്കാറുള്ള പലഹാരങ്ങൾ. ഈ പൈത്യക രസമൂറും പലഹാരങ്ങളെല്ലാം ഒറ്റക്കടയിൽ.
ഞാൻ ചെന്നപ്പോൾ രാത്രി ഏറെ വൈകിപോയി. അതുകൊണ്ടു ഷെൽഫിൽ നല്ല പങ്കും കാലി. എങ്കിലും ചില അലമാരകളിൽ വിവിധ തരം വറവുകൾ ഉണ്ടായിരുന്നു. പലതിലും ഇറച്ചിയും മറ്റും നിറച്ചവയാണ്. മധുരമുള്ളവയും എരിവുള്ളതും ഇവ രണ്ടുമില്ലാത്തും പലഹാരങ്ങളിൽ ഉണ്ട്. കുറച്ചു കോഴി അട വാങ്ങി. 2-3 ആഴ്ച്ച ഇരിക്കുമത്രേ. പിന്നെ ലക്ഷദ്വീപ് പനംചക്കരയിൽ മലരും മറ്റും ചേർത്ത് ഉണ്ടാക്കിയ പലഹാരങ്ങൾ.
മുട്ടപത്തിരിയാണ് പൊന്നാനിയുടെ ദേശീയ അപ്പം. രാവിലെയും വൈകുന്നേരത്തെ ചായക്കും ഇത് ഇഷ്ട വിഭവം. പത്തിരി തന്നെ ഒട്ടേറെ ഇനങ്ങൾ ഉണ്ട്. വെളിച്ചെണ്ണ പത്തിരി, നെയ് പത്തിരി, കൈ പത്തിരി, കട്ടി പത്തിരി, ഇറച്ചി പത്തിരി, പൊരിച്ച പത്തിരി, ചട്ടിപത്തിരി… ലക്ഷിദ്വീപ് ചക്കരകൊണ്ട് ഉണ്ടാക്കുന്നതാണ് ബിണ്ടിഹലുവ. പൂപോലുള്ളതുപോലുള്ളൊരു പുവ്വപ്പം. അപ്പങ്ങൾ തന്നെ പലവിധം ഉണ്ട്. ചുക്കപ്പം, വട്ടപ്പം, വെട്ടപ്പം, അരീരപ്പം, ബിസ്ക്കറ്റപ്പം, കാരക്കപ്പം, കുഴിയപ്പം, കുരുവപ്പം, കിണത്തപ്പം, അണ്ട്യപ്പം, പിടിയപ്പം, മയ്യത്തപ്പം. പൊന്നാനിക്കാരുടെ സമൂസ മണ്ടയാണ്. പക്ഷേ അതിൽ എരിവല്ല മധുരമാണ് നിറച്ചിട്ടുള്ളത്. ചിരട്ടമാല ജിലേബി പോലെയിരിക്കും. പക്ഷേ മധുരമില്ല. ചിരട്ടതുളയിലൂടെ വറചട്ടിയിലേക്ക് വീഴ്ത്തുന്നതുകൊണ്ട് ചിരട്ടമാല.
പൊന്നിനിയിൽ കേക്കുകളുമുണ്ട് ധാരാളം. മുട്ടക്കേക്ക്, റവക്കേക്ക്, മൈദക്കേക്ക്, തരിക്കേക്ക്, കുഴിക്കേക്ക് പഴംക്കേക്ക്… പൊന്നാനി പലഹാരങ്ങളുടെ രാജക്കാൻമാരാണ് മുട്ടമാലയും, മുട്ടസുർക്കയും. മുട്ടുയുടെ മഞ്ഞക്കരു മാത്രമെടുത്ത് ഉടച്ച് ചിരട്ടയിലൂടെ നൂലുപോലെയാക്കി പഞ്ചസാര പാവിലൊഴിച്ച് ഉണ്ടാക്കുന്നതാണ് മുട്ടമാല. ബാക്കിവരുന്ന വെള്ളക്കരു ഉപയോഗിച്ച് പതപ്പിച്ച് മധുരം ചേർത്ത് കേക്ക് രൂപത്തിൽ ഉണ്ടാക്കുന്നതാണ് മുട്ട സുർക്ക.
ഇങ്ങിനെ 40-ൽപരം പലഹാരങ്ങൾ. ഇവയെ മുസ്ലീം തറവാടുകളിൽ നിന്നു പുറത്തു കൊണ്ടുവന്നത് 2020 ജനുവരി മാസത്തിൽ പൊന്നാനിയിൽ നടന്ന പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ സംസ്ഥാന സമ്മേളനമാണ്. അതോടനുബന്ധിച്ച് സംഘാടകരായ ഖലീമുദ്ദീനും, വിജയൻ കോതമ്പത്തും ഈ വീട്ടകങ്ങളിൽ പോയി സ്ത്രീകളുമായി സംസാരിച്ചു. അങ്ങിനെയാണ് ‘അപ്പങ്ങളെമ്പാടും’ എന്നൊരു പ്രദർശനം തന്നെ സംഘടിപ്പിച്ചു. പൊന്നാനിയുടെ പലഹാര രസക്കൂട്ടുകളുടെ ആദ്യത്തെ ഈ പ്രദർശനം വമ്പിച്ച വിജയമായിരുന്നു. ഈ സംരംഭം ഇപ്പോഴും വാട്സ് അപ്പ് കൂട്ടായ്മയായി തുടരുന്നു.
ഈ അപ്പങ്ങൾ ബ്രാന്‍റ് ചെയ്യാൻ ഇവർ ആലോചിക്കുന്നുണ്ട്.
പൊന്നാനിയുടെ പലഹാരങ്ങളുടെ ചരിത്രം വളരെ നീണ്ടതാണ്. ഡോ. ഫസീല തരകത്ത് എഴുതിയ പി.എച്ച്.ഡി പ്രബന്ധമായ പൊന്നാനിയുടെ പ്രാദേശിക ചരിത്രത്തിൽ പൊന്നാനി അപ്പങ്ങളുടെ ചരിത്രം വിവരിക്കുന്നുണ്ട്. ഇനി ഒരിക്കൽ പോകുമ്പോൾ വായിക്കണം.
Post Your Comments