KeralaLatest NewsNews

മേല്‍വിലാസക്കാരന്റെ കത്ത് പൊട്ടിച്ച് വായിച്ചു: പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരുലക്ഷം രൂപ പിഴ

വകുപ്പുതല അന്വേഷണത്തില്‍ വേണുഗോപാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചെങ്കിലും മൂന്ന് മാസത്തിന് ശേഷം അതേ പോസ്റ്റ് ഓഫിസില്‍ നിയമനം നല്‍കി.

കണ്ണൂര്‍: മേല്‍വിലാസക്കാന്റെ അനുവാദമില്ലാതെ അനധികൃതമായി കത്ത് പൊട്ടിച്ച് വായിച്ച പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരുലക്ഷം രൂപ പിഴ വിധിച്ച് കോടതി. 13 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഉപഭോക്തൃ കോടതിയാണ് പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. താവക്കരയിലെ ടിവി ശശിധരന്‍ എന്ന ആര്‍ട്ടിസ്റ്റ് ശശികലയാണ് പരാതിക്കാരന്‍. ചിറക്കല്‍ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനായിരുന്ന എം വേണുഗോപാല്‍, പോസ്റ്റല്‍ സൂപ്രണ്ട് കെ ജി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് കൊടുത്തിരുന്നത്.

2008 ജൂണ്‍ 30നാണ് കേസിനാസ്പദമായ സംഭവം. പുതിയപുരയില്‍ ഹംസ എന്നയാള്‍ക്ക് ടിവി ശശിധരന്‍ എഴുതിയ രജിസ്റ്റേഡ് കത്ത് പൊട്ടിച്ച് വായിച്ച് ഉള്ളടക്കം കൈമാറി ആള്‍ സ്ഥലത്തില്ലെന്ന് റിമാര്‍ക്‌സ് രേഖപ്പെടുത്തി തിരിച്ചയച്ച സംഭവത്തിലാണ് നടപടി. പോസ്റ്റ്മാനായ വേണുഗോപാലന്‍ കത്തിലെ വിവരങ്ങള്‍ ഹംസക്കുട്ടിക്ക് ചോര്‍ത്തി നല്‍കിയെന്നും പരാതിക്കാരന്‍ ഉന്നയിച്ചിരുന്നു. കരാറുകാരനായ ഹംസക്കുട്ടി പണം വാങ്ങിയ ശേഷം കൃത്യസമയത്ത് വീട് നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കിയിരുന്നില്ല. ഇത് ചോദ്യം ചെയ്താണ് ശശിധരന്‍ കത്തെഴുതിയത്. കത്തിലെ വിവരങ്ങള്‍ മനസ്സിലാക്കിയ ഹംസക്കുട്ടി വീടും പുരയിടവും മറിച്ചുവിറ്റതായി ശശിധരന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റ്മാന്‍, പോസ്റ്റല്‍ ഓഫിസര്‍ എന്നിവരെ പ്രതിചേര്‍ത്ത് പരാതി നല്‍കി.

Read Also: ജീവനൊടുക്കിയ ശിവപ്രസാദിന്റെ ഭാര്യ അറസ്റ്റില്‍

എന്നാൽ വകുപ്പുതല അന്വേഷണത്തില്‍ വേണുഗോപാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചെങ്കിലും മൂന്ന് മാസത്തിന് ശേഷം അതേ പോസ്റ്റ് ഓഫിസില്‍ നിയമനം നല്‍കി. ഇതിനെതിരെ ശശിധരന്‍ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചെങ്കിലും സാങ്കേതിക തടസ്സമുന്നയിച്ച് കേസ് തള്ളി. തുടര്‍ന്ന് സംസ്ഥാന കമ്മീഷനെ സമീപിച്ചു. ശശിധരന്‍ സ്വന്തമായിട്ടാണ് കേസ് വാദിച്ചത്. രവി സുഷ, മോളിക്കുട്ടി മാത്യു, കെപി സജീഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരുവരും 50000 രൂപ വീതം രണ്ട് മാസത്തിനകം നല്‍കണം. വൈകിയാല്‍ എട്ട് ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button