Latest NewsIndiaInternational

ഇന്ത്യയിൽ നിന്നും കടത്തിയ ടിപ്പുവിന്റെ സിംഹാസനത്തിലെ കടുവയുടെ താഴികക്കുടം ലേലത്തിൽ വെച്ച് ബ്രിട്ടീഷ് സർക്കാർ

ടിപ്പുവിന്റെ സ്വർണ്ണ സിംഹാസനം ഒന്നാകെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണം വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയാണ് ബ്രിട്ടീഷുകാർ കടത്തിയത്.

ലണ്ടൻ : ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടുപോയ ടിപ്പു സുൽത്താന്റെ സിംഹാസനത്തിലെ താഴികക്കുടം ലേലത്തിൽ വെച്ച് ബ്രിട്ടീഷ് സർക്കാർ. ടിപ്പുവിന്റെ സിംഹാസനത്തിൽ ഉണ്ടായിരുന്ന സ്വർണക്കടുവയുടെ രൂപത്തിലുള്ള താഴികക്കുടമാണ് യുകെ സർക്കാർ ലേലത്തിൽ വെച്ചിരിക്കുന്നത്. ഇത് ബ്രിട്ടീഷ് പൗരന്മാർക്ക് മാത്രമേ സ്വന്തമാക്കാൻ കഴിയൂ എന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്.യുകെ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 14.98 കോടി മൂല്യം കാണിക്കുന്ന താഴികക്കുടം 15 കോടിക്കാണ് ലേലത്തിൽ വെച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടുപോയ വസ്തുക്കൾ രാജ്യം വിട്ട് പോകാതിരിക്കാൻ ബ്രിട്ടീഷ് സർക്കാർ താത്ക്കാലിക കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരുന്നു. യുകെ വംശജർ ഇത് സ്വന്തമാക്കാൻ വേണ്ടിയാണ് ഈ നിരോധനം ഏർപ്പെടുത്തിയത്.1799 മെയ് നാലിന് ശ്രീരംഗപട്ടണത്ത് നടന്ന രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധത്തിലാണ് ടിപ്പു കൊല്ലപ്പെട്ടത്. തുടർന്ന് മൈസൂർ തോൽവി അറിയുകയും ചെയ്തു. ഇതോടെയാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യം ടിപ്പുവിന്റെ സ്വത്തുക്കൾ വ്യാപകമായി കൊള്ളയടിച്ചത്.

രത്‌നങ്ങളും സ്വർണ്ണങ്ങളും അന്ന് ഇന്ത്യയിൽ നിന്ന് ബ്രിട്ടണിലേക്ക് കടത്തിയിരുന്നു. ടിപ്പുവിന്റെ സ്വർണ്ണ സിംഹാസനം ഒന്നാകെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണം വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയാണ് ബ്രിട്ടീഷുകാർ കടത്തിയത്. ടിപ്പു സുൽത്താൻ അവസാന യുദ്ധത്തിൽ ഉപയോഗിച്ച വാളും, മോതിരവും ബ്രിട്ടീഷുകാർ ലണ്ടനിൽ എത്തിച്ചിരുന്നു. എന്നാൽ ടിപ്പുവിന്റെ സിംഹാസനത്തിലെ താഴികക്കുടം ലേലത്തിൽ വെച്ചതിനെതിരെ പ്രതികരണവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടുപോയ വസ്തുക്കൾ രാജ്യത്തിന് തന്നെ തിരികെ തരണം എന്നാണ് ഇവരുടെ ആവശ്യം. അതേസമയം തങ്ങളുടെ ചരിത്രവുമായി അടുത്ത ബന്ധം പുലർത്തുന്നതിനാലാണ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തുന്നത് എന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ വിശദീകരണം. പതിനെട്ടാം നൂറ്റാണ്ടിലെ ആംഗ്ലോ-ഇന്ത്യൻ ചരിത്രവും രാജകീയ പ്രൊപ്പഗാണ്ടയും സംബന്ധിച്ച് കൂടുതൽ പഠനം നടത്തേണ്ടത് അനിവാര്യമാണ്. ഇത്തരം വസ്തുക്കളുടെ കലാസൗന്ദര്യത്തിനും പ്രാധാന്യമുണ്ടെന്നും യുകെ സർക്കാർ പറയുന്നു. 2022 ഫെബ്രുവരി 11 വരെയാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button