പത്തനംതിട്ട: ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചിരുന്നുവെന്ന് സമ്മതിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു. 2019ലാണ് ശർക്കര ഉപയോഗിച്ചിരുന്നത്. മഹാരാഷ്‌ട്ര ആസ്ഥാനമായ വർധൻ എന്ന സ്വകാര്യ കമ്പനിയാണ് ശർക്കര വിതരണം ചെയ്തത്. ശർക്കര മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വേണ്ടിയാണ് ഹലാൽ മുദ്ര പാക്കറ്റിൽ പതിപ്പിച്ചതെന്നും എൻ വാസു പറഞ്ഞു. ഈ കമ്പനിക്ക് എക്‌സ്പോർട്ട് ലൈസൻസ് ഉണ്ട്. അതുകൊണ്ട് തന്നെ എക്‌സ്‌പോർട്ട് ചെയ്യുന്നതിന്റെ ഭാഗമായി ഹലാൽ ലൈസൻസും ഇവർക്ക് ആവശ്യമാണ്.
അതിനാലാണ് ഹലാൽ മുദ്ര പാക്കറ്റിൽ പതിപ്പിച്ചത്. എന്നാൽ ആ ശർക്കര ഇപ്പോൾ ഉപയോഗിക്കുന്നില്ല, പുതിയ കമ്പനിയ്‌ക്ക് ടെൻഡർ മാറ്റി നൽകി. ഭക്ഷ്യ യോഗ്യമല്ലാത്തതിനാലാണ് പുനർലേലത്തിലൂടെ ശർക്കര വിൽക്കാൻ തീരുമാനിച്ചതെന്നും എൻ.വാസു പറഞ്ഞു. ജനം ടിവിയോടാണ് വാസുവിന്റെ പ്രതികരണം. അതേസമയം 2019ലാണ് ഈ ശർക്കര ഉപയോഗിച്ചത്. പിന്നീട് ഭക്തരുടെ തിരക്ക് കുറഞ്ഞതോടെ അരവണ പ്രസാദ നിർമ്മാണം ഉൾപ്പെടെ നിർത്തലാക്കി. ആ ശർക്കര ഉപയോഗശൂന്യമായതോടെയാണ് പുനർലേലത്തിലൂടെ വിൽക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ശബരിമലയിൽ അപ്പം-അരവണ പ്രസാദ നിർമ്മാണത്തിനാണ് ഹലാൽ ശർക്കര ഉപയോഗിച്ചത്.
കഴിഞ്ഞ വർഷം ഉപയോഗിക്കാതെ ബാക്കി വന്ന ഭക്ഷ്യ യോഗ്യമല്ലാത്ത ശർക്കരയാണ് നശിപ്പിച്ചു കളയാതെ ലേലത്തിൽ വിറ്റത്. പഴകിയ ശർക്കര മറിച്ചു വിൽക്കാതെ നശിപ്പിച്ചു കളയണമെന്നതാണ് നിയമം. കിലോയ്‌ക്ക് 16.30 രൂപയ്‌ക്കാണ് പഴകിയ ശർക്കര ദേവസ്വം ബോർഡ് മറിച്ചു വിറ്റിരിക്കുന്നത്. 36 രൂപയ്‌ക്ക് വാങ്ങിയ ശർക്കരയായിരുന്നു ഇത്. പമ്പയിലേയും സന്നിധാനത്തേയും ഗോഡൗണുകളിൽ മുഴുവനായും കെട്ടിക്കിടക്കുന്നത് ഇത്തരത്തിൽ ഹലാൽ മുദ്രയുള്ള ശർക്കര പാക്കറ്റുകളാണ്.
ഹലാലും തുപ്പലുമെല്ലാം വിവാദമാകുന്ന സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ അപ്പം-അരവണ പ്രസാദങ്ങൾ നിർമ്മിക്കുന്നതിനായി ഹലാൽ ശർക്കര ഉപയോഗിക്കുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര എങ്ങനെ വീണ്ടും വിൽക്കാൻ സാധിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. ഫുഡ് സേഫ്റ്റി അതോറിറ്റിയും ഈ ശർക്കര ഉപയോഗശൂന്യമാണെന്ന റിപ്പോർട്ട് നൽകിയിരുന്നു. അങ്ങനെയിരിക്കെയാണ് ശർക്കര മറിച്ചു വിൽക്കാനുള്ള നീക്കം നടന്നിരിക്കുന്നത്.
എന്നാൽ ടൺ കണക്കിന് ശർക്കരയാണ് കെട്ടിക്കിടക്കുന്നതെന്നും, അവ നശിപ്പിച്ചു കളയാൻ ദേവസ്വം ബോർഡിന് സാധിക്കുമായിരുന്നില്ലെന്നും എൻ. വാസു പറയുന്നു. ഈ സാഹചര്യത്തിൽ ശർക്കര മറിച്ചു വിൽക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. ഔഷധ നിർമ്മാണത്തിനും സാനിറ്റൈസർ നിർമ്മാണത്തിനും ശർക്കര ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഉപയോഗിക്കാൻ വേണ്ടി ശർക്കര പുനർലേലം ചെയ്യാമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു.
Post Your Comments