എടവണ്ണ: മിനിലോറിയിൽ കറങ്ങി നടന്ന് മലഞ്ചരക്ക് മോഷണം നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ. എടവണ്ണ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാടാമ്പുഴ പിലാത്തറ സ്വദേശി ചെറുപറമ്പിൽ റഫീഖ് (42), അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി പള്ളിപ്പുറം മുഹമ്മദാലി എന്ന ആലിപ്പു (44) എന്നിവരാണ് പിടിയിലായത്.
ഒക്ടോബർ 28ന് രാത്രി ആമയൂരിലെ അടക്ക കർഷകൻ ഇരുപ്പുകണ്ടൻ ഉണ്ണി തെയ്യന്റെ വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ അടക്ക മോഷണം സംഭവത്തിൽ എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മിനി പിക്അപ് ലോറിയിൽ എത്തിയാണ് പ്രതികൾ മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. സമാന രീതിയിൽ നവംബർ എട്ടിന് രാത്രി ചട്ടിപ്പറമ്പിനടുത്തുള്ള മുണ്ടക്കോട്ടു നിന്ന് ഷെഡിന്റെ പൂട്ടു പൊളിച്ച് ഒരുലക്ഷം രൂപയുടെ അടക്ക കവർന്നിരുന്നു. ഈ വാഹനം ഉപയോഗിച്ചാണ് ഇവിടെയും പ്രതികൾ മോഷണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി.
Read Also : മലയാളികളുടെ പ്രിയപ്പെട്ട അപ്പത്തിനൊപ്പം ഞണ്ടുകറി ഒന്നു പരീക്ഷിച്ചു നോക്കിയാലോ?
തുടർന്ന് വിവിധ ഇടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. പ്രതികൾ മോഷണത്തിന് ഉപയോഗിച്ച മിനി ലോറി തകരാറിലായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ വർക്ഷോപ്പിലാണെന്നും കണ്ടെത്തി.
കേസിലെ പ്രതി റഫീഖ് നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ എസ്.ഐ എം. അസൈനാർ, അഭിലാഷ് കൈപ്പിനി, ദിനേശ് ആമയൂർ, കെ.ടി. ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എടവണ്ണ സ്റ്റേഷനിലെ എസ്.ഐ രമേശ് ബാബു, എ.എസ്.ഐ ഇ. രമേശ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. മനേഷ് കുമാർ, സി.ഡി. സുരേഷ്, അബൂബക്കർ, കെ.വി. കുരുവിള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments