ആലപ്പുഴ: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയതോടെ സുകുമാര കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയും ചാക്കോ കൊലക്കേസും വീണ്ടും വാര്‍ത്താ ചാനലുകളിലും പത്ര മാദ്ധ്യമങ്ങളിലും ഇടംപിടിച്ചിരിക്കുകയാണ്. 1984 ലെ ചാക്കോ കൊലപാതകം വീണ്ടും ജനങ്ങളുടെ മുന്നില്‍ പുനര്‍ജനിക്കുമ്പോള്‍ അന്നത്തെ സുകുമാര കുറുപ്പ് എവിടെ ? അയാള്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ടോ ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് മലയാളികള്‍ക്ക് അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ ബന്ധുക്കള്‍ രംഗത്ത് എത്തി.
Read Also : ചാക്കോയെ കൊന്നതിനല്ല, മറ്റെന്തോ കാരണം കൊണ്ടാണ് കുറുപ്പ് ഒളിവില്‍ പോയത്
സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് തന്നെയാണ് കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം വിശ്വസിക്കുന്നത്. വിദേശത്തേക്ക് രക്ഷപ്പെട്ട സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്നും ചാക്കോയുടെ കുടുംബം ആവശ്യപ്പെടുന്നു. കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കുന്ന അരുംകൊല നടന്നിട്ട് 37 വര്‍ഷം പിന്നിടുമ്പോഴും പിടികിട്ടാപ്പുള്ളി കുറുപ്പ് ഇപ്പോഴും ഒളിവിലാണ്.
സുകുമാരക്കുറുപ്പിന്റെ പദ്ധതി അനുസരിച്ച് ചാക്കോ കൊല്ലപ്പെടുമ്പോള്‍ മകന്‍ ജിതിന്‍ ചാക്കോ ജനിക്കാന്‍ നാലു മാസം കൂടി ഉണ്ടായിരുന്നു. ചെറുപ്പം മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്ന സുകുമാരക്കുറുപ്പിനെയാണ് ജിതിന്‍ മനസ്സിലാക്കിയിരുന്നത്. വിചാരണയുടെയും അന്വേഷണത്തിന്റെയും പേരില്‍ ഒരുപാട് കഷ്ടപ്പെടുത്തിയെന്നാണ് ജിതിനും കുടുംബവും ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കവേ പറഞ്ഞത്. എന്നാല്‍, യഥാര്‍ത്ഥ പ്രതി ഇപ്പോഴും ഇരുട്ടത്ത് നില്‍ക്കുന്നതിന്റെ നിരാശയും വിഷമവും ഈ കുടുംബം പങ്കുവെക്കുന്നു.
തന്റെ പിതാവിനെ കൊലപ്പെടുത്തിയ ശേഷം പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നതായിട്ടാണ് ചാക്കോയുടെ കുടുംബം സംശയിക്കുന്നത്. അതിനുള്ള പദ്ധതി നേരത്തെ ആസൂത്രണം ചെയ്തിട്ടുണ്ടാകാമെന്നാണ് ഇവര്‍ കരുതുന്നത്. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിച്ചാല്‍ വിദേശത്ത് നിന്ന് പിടികൂടാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു.
1984 ജനുവരി 21 നായിരുന്നു ചാക്കോ കൊല്ലപ്പെട്ടത്. തുടര്‍ന്നായിരുന്നു കൊലയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയ സുകുമാരക്കുറുപ്പ് അപ്രത്യക്ഷനായത്. അതിനു ശേഷം 37 വര്‍ഷമായിട്ടും കുറുപ്പിനെ തേടി കേരള പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്.
Post Your Comments