അജ്മാൻ: ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് യുഎഇ. അജ്മാനിലാണ് ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് നൽകിയിരിക്കുന്നത്. യുഎഇയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി. നവംബർ 21 മുതൽ ഡിസംബർ 31 വരെയാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുകയെന്ന് അജ്മാൻ പോലീസ് അറിയിച്ചു. ഈ 40 ദിവസത്തെ ഇളവ് പ്രകാരം വാഹനമോടിക്കുന്നവർക്ക് അവരുടെ ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങൾ തിരികെ ലഭിക്കാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
നവംബർ 14 ന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ഇളവ് ബാധകമാണ്. അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല.
അജ്മാൻ പോലീസ് സർവ്വീസ് സെന്ററുകളിലൂടെയും സാഹി എന്നറിയപ്പെടുന്ന സെൽഫ് സർവ്വീസ് കിയോസ്‌കിലൂടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയും അജ്മാൻ പോലീസിന്റെ ആപ്ലിക്കേഷനിലൂടെയും പിഴ അടയ്ക്കാം.
Post Your Comments