ഗയാക്വിൽ: ഇക്വഡോറിലെ ഗയാക്വില്‍ ജയിലില്‍ മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. 68 പേർ മരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
Also Read:വരുന്നു ഗദ്ദാഫിയുടെ മകൻ: ലിബിയൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കും
ജയിലിൽ പോലീസ് നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കളും തോക്കും മാരകായുധങ്ങളും പിടിച്ചെടുത്തു. ഇക്വഡോറിലെ ജയിലുകളില്‍ കലാപങ്ങൾ പതിവ് സംഭവങ്ങളാണ്. ഈ വര്‍ഷം മാത്രം രാജ്യത്തെ ജയിലുകളില്‍ നടന്ന കലാപങ്ങളിൽ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
ഒരു മാഫിയാ സംഘത്തിൽപ്പെട്ടയാളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇക്കുറി കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 25 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കലാപം നടക്കുന്ന സമയത്ത് ഏകദേശം 700 തടവുകാര്‍ ജയിലിനുള്ളിലുണ്ടായിരുന്നു.
ജയിലിലുള്ളവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നറിയാൻ തടവുകാരുടെ ബന്ധുക്കൾ ജയിലിന് പുറത്ത് തടിച്ചുകൂടിയിരുന്നു. രാജ്യത്ത് പൊട്ടിപ്പുറപ്പെടുന്ന മാഫിയാ ആക്രമണങ്ങൾ നിയന്ത്രിക്കാന്‍ അയല്‍ രാജ്യങ്ങളുടെ സഹായം തേടേണ്ടി വരുമെന്ന് പ്രസിഡന്റ് ഗില്ലര്‍മ്മോ ലാസോ പറഞ്ഞു.
സെപ്റ്റംബറില്‍ രാജ്യത്തെ ഒരു ജയിലിലെ രണ്ട് ബ്ലോക്കുകളില്‍ കഴിഞ്ഞിരുന്ന രണ്ട് മാഫിയാ സംഘങ്ങൾ തമ്മിലുണ്ടായ കലാപം ഇക്വഡോറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കലാപങ്ങളിൽ ഒന്നായിരുന്നു. സൈന്യം എത്തിയാണ് കാര്യങ്ങള്‍ അന്ന് നിയന്ത്രണ വിധേയമാക്കിയത്. ഒരു ബ്ലോക്കില്‍ നിന്ന് മറ്റൊന്നിലേക്ക് ഒരു തുരങ്കം വഴി നുഴഞ്ഞു കയറിയ ശേഷം ഇരു സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
Post Your Comments