ഖാർതൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ പട്ടാള അട്ടിഅറിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നു. തെരുവിലേക്ക് പടർന്ന കലാപത്തിൽ 6 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. ടിയർ ഗ്യാസ് പ്രയോഗത്തിനിടെയായിരുന്നു മരണങ്ങൾ.
ശനിയാഴ്ചയും തലസ്ഥാനമായ ഖാർത്തൂമിലും മറ്റ് പ്രധാന നഗരങ്ങളിലും വലിയ പ്രതിഷേധമാണ് നടന്നത്. സംഘർഷത്തിനിടെ അൽ ജസീറ മാധ്യമപ്രവർത്തകനെ സൈന്യം അറസ്റ്റ് ചെയ്തു. അൽ ജസീറ ഖാർതൂം ബ്യൂറോ ചീഫ് എൽ മുസാമി എൽ കബ്ബാഷി ആണ് അറസ്റ്റിലായത്.
ഒക്ടോബർ 25 നാണ് സൈനിക മേധാവി അബ്ദേൽ ഫത്ത അൽ ബുർഹാൻ രാജ്യത്ത് ഭരണമാറ്റം ഉണ്ടായതായി പ്രഖ്യാപിച്ചത്. ഇതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ശക്തമായ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഖാർതൂമിൽ മാത്രം ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിനായി തടിച്ചുകൂടിയത്.
2019 ൽ ഏകാധിപതിയായിരുന്ന ഒമർ അൽ ബാഷറിന്റെ പതനത്തിന് ശേഷം ജനാധിപത്യത്തിലേക്കുളള പാതയിലായിരുന്നു സുഡാൻ. സൈന്യവും പൗരസംഘങ്ങളുമായി അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ കരാർ അനുസരിച്ച് അധികാരം പങ്കിടേണ്ടവരെ സൈന്യം തടവിലാക്കുകയാണ് ചെയ്തത്.
പ്രധാനമന്ത്രി അബ്ദളള ഹാംദോക് ഉൾപ്പെടെ വീട്ടുതടങ്കലിലാണ്. പട്ടാള അട്ടിമറിക്ക് ശേഷം രാജ്യത്ത് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. പല നഗരങ്ങളിലും പ്രതിഷേധക്കാരുടെ കൂട്ടായ്മകൾ കാണാം. വലിയ യോഗങ്ങളിലേക്ക് ഇവരെ എത്തിക്കാതെ തുരത്തിയോടിക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യമെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments